IndiaNEWS

ഒന്നാം ക്ലാസിൽ ചേർക്കാൻ കുട്ടികൾക്ക് ആറു വയസ് പൂർത്തിയാകണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ന്യൂഡല്‍ഹി: കുട്ടികളെ ഇനി മുതൽ ഒന്നാം ക്ലാസിൽ ചേർക്കണമെങ്കിൽ ആറു വയസ് പൂർത്തിയായിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാർ നിര്‍ദേശം നൽകി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. മൂന്ന് മുതല്‍ എട്ടു വയസ് വരെയുള്ള കുട്ടികള്‍ക്ക് പഠനത്തിനുള്ള അവസരം ഒരുക്കുന്നതാണ് ആദ്യ ഘട്ടമായ അടിസ്ഥാന വിദ്യാഭ്യാസം. അഞ്ചുവര്‍ഷത്തെ പഠനമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പ്രീ സ്‌കൂള്‍ പഠനത്തിന് മൂന്ന് വര്‍ഷമാണ് നിര്‍ദേശിക്കുന്നത്. തുടര്‍ന്ന് ഒന്ന്, രണ്ട് ക്ലാസുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസമെന്ന് ദേശീയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു.

പ്രീ സ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ കാലഘട്ടത്തില്‍ യാതൊരുവിധ തടസവും കൂടാതെയുള്ള പഠനം ഉറപ്പാക്കണമെന്നാണ് നയം പറയുന്നത്. മൂന്ന് വയസുമുതലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയേറിയ പ്രീ സ്‌കൂള്‍ പഠനം ഉറപ്പാക്കണം. ഇതിനായി അങ്കന്‍വാടികളും സര്‍ക്കാര്‍, സ്വകാര്യ തലത്തില്‍ പ്രീ സ്‌കൂളുകളും സജ്ജമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Signature-ad

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്തണം. ഇതനുസരിച്ച് പ്രവേശനനടപടികളില്‍ മാറ്റം വരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രം പറയുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ പരിഷ്കരണം കർശനമായി നടപ്പാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

Back to top button
error: