പുതുപ്പളളി: ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള പുതുപ്പള്ളി ഗവ.വി.എച്ച്.എസ്.ഹൈ സ്കൂൾ ഗ്രൗണ്ടിൽ മാസങ്ങൾക്കു മുമ്പ്നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മൺകൂനയിൽ കപ്പയിട്ടു പ്രതിഷേധിച്ചു. പുതുപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സാം. കെ.വർക്കിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കപ്പയിട്ടത്.കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം ജോഷി ഫിലിപ്പ് സമരം ഉത്ഘാടനം ചെയ്തു.
സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കരാറുകാരൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മൈതാനത്ത് കൂന കുട്ടിയതാണ്. കെട്ടിടം പണി പൂർത്തികരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തത് വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലമാണ്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു വിഭാഗമാണ് കെട്ടിടം നിർമ്മിച്ചത്. മണ്ണ് മാറ്റിയത് വിദ്യാഭ്യാസ വകുപ്പിൻ്റെ കൈവശമുള്ള സ്ഥലത്തു നിന്നുമാണ്. നീക്കം ചെയ്ത മണ്ണിൻ്റേയും, നിക്ഷേപിച്ചി ട്ടുള്ള മണ്ണിൻ്റേയും അളവിൽ കുറവു കണ്ടതാണ് തർക്കത്തിനു കാരണം.
മൈതാനത്തു നിന്നും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റാത്തതിനാൽ മൈതാനം കാടുകയറി കിടക്കുകയാണ്. കായിക പ്രേമികളും, പ്രഭാത നടപ്പുകാരും ഇതുമൂലം വിഷമിക്കുന്നു. പ്രതിഷേധ സമരത്തിൽ ജില്ലാ പഞ്ചായത്ത് മെംബർ നിബു ജോൺ, സണ്ണി പാമ്പാടി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സാബു പുതുപ്പറമ്പിൽ, സിബി ജോൺ, കെ.ബി. ഗിരീശൻ, തോമസ് ചെറിയാൻ, മോനിച്ചൻകുറ്റിപ്പുറം, ജിനു കെ.പോൾ, ജോബി പട്ടം പറമ്പിൽ, അജിത് കുര്യൻ എന്നിവർ പ്രസംഗിച്ചു.