TechTRENDING

കുട്ടിക്കാനത്ത് സെന്റർ ഫോർ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ് ഒരുങ്ങുന്നു

പീരുമേട്: മലയോര മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പീരുമേട് മാര്‍ ബസേലിയോസ് എൻജിനീയറിങ് കോളജും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബോട്ടിക്സും സംയുക്തമായി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ് ആരംഭിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായിട്ടാണ് റോബോട്ടിക്സ് കോഴ്സുകൾ അഭ്യസിപ്പിക്കുന്നത്. യൂണിക് വേൾഡ് റോബോട്ടിക്സിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റു വിദ്യാർത്ഥികൾക്ക് റോബോട്ടിക് പഠനം സാധ്യമാക്കുക എന്നതാണ് സ്റ്റുഡൻസ് ഹെൽപ്പിംഗ് സ്റ്റുഡൻസ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

സ്വന്തമായ ഒരു റോബോട്ട് രൂപകൽപ്പന ചെയ്യത്തക്ക വിധം വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലാബ് ആരംഭിക്കുന്നത്. 30 ലക്ഷത്തിന് പരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ലാബിൽ ത്രീഡി പ്രിന്റിംഗ്, വെർച്ചൽ റിയാലിറ്റി, ഓഗ്മെന്റട് റിയാലിറ്റി, ഗെയിം ഡെവലപ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. സ്കൂളിലെ റോബോട്ടിക്ക് അനുബന്ധ വിഷയങ്ങളുടെ പഠനത്തിനോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിൽ നടക്കുന്ന റോബോട്ടിക് കോമ്പറ്റീഷനുകൾ, ഗൂഗിൾ, നാസ എന്നിവ സംഘടിപ്പിക്കുന്ന വിവിധ ഹാക്കതൊന്നുകൾ, എന്നിവയിൽ പങ്കെടുക്കുവാൻ കുട്ടികളെ സജ്ജരാക്കുക എന്ന് ഉദ്ദേശം കൂടി ഇതിനു പിന്നിൽ ഉണ്ട്.

Signature-ad

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിക്കുന്ന ലാബ് ഇടുക്കി ജില്ലയിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ അഭിപ്രായപ്പെട്ടു. പീരുമേട് മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസും യൂണിക് വേൾഡ് റോബോട്ടിക്സ് സി.ഇ.ഒ ബാൺസൺ തോമസ് ജോർജും ധാരണ പത്രത്തിൽ ഒപ്പുവച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വി‌.ഐ. ജോർജ്, യൂണിക് വേൾഡ് റോബോട്ടിക്സ് കൺട്രി ഹെഡ് അനു കാർത്തിക്, വൈസ് പ്രിൻസിപ്പൽ എലിയാസ് ജാൻസൺ, പ്ലേസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ, എന്നിവർ സംബന്ധിച്ചു.

Back to top button
error: