ആര്‍ത്തി ഇല്ലായ്മയാണ് വിജയരാഘവന്റെ വിജയരഹസ്യം, എ വിജയരാഘവന്റെ ഭാര്യയുമായി ബന്ധപ്പെട്ട വൈസ് പ്രിൻസിപ്പൽ വിവാദം മുൻനിർത്തി മാധ്യമ പ്രവർത്തകൻ എബ്രഹാം മാത്യുവിന്റെ കുറിപ്പ്
സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ബിന്ദുവുമായി ബന്ധപ്പെട്ട് ഉണ്ടായ വൈസ് പ്രിൻസിപ്പൽ വിവാദത്തെ മുൻ നിർത്തി മാധ്യമ പ്രവർത്തകൻ എബ്രഹാം മാത്യുവിന്റെ കുറിപ്പ് വൈറൽ ആകുന്നു.എ വിജയരാഘവന്റെ ലഘു ജീവചരിത്രം കൂടി കുറിപ്പ് വരച്ചു കാട്ടുന്നു. ഫേസ്ബുക്കിലാണ് എബ്രഹാം മാത്യുവിന്റെ കുറിപ്പ്.
എബ്രഹാം മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം –
വൈസ് പ്രിന്‍സിപ്പല്‍.
പ്രിന്‍സിപ്പലിനു താഴെ; അധ്യാപകരെക്കാള്‍…?
പ്യൂപ്പയുമല്ല, ചിത്രശലഭവുമല്ല.
എന്നിട്ടും വൈസ് പ്രിന്‍സിപ്പല്‍ വിവാദമായി.
അധിക ശമ്പളമില്ല; പ്രത്യേക ഇരിപ്പിടം പോലും പലേടത്തുമില്ല. ചില കോളജുകളില്‍ ഇങ്ങനെ ഒരു തസ്തികപോലുമില്ല. അധ്യാപകരുടെ എല്ലാ ജോലിയും ചെയ്യണം; തലവേദന മിച്ചം. എ. വിജയരാഘവന്റെ ഭാര്യ വൈസ് പ്രിന്സിപ്പലായപ്പോള് അത് ഇന്ത്യന്‍ വൈസ് പ്രസിഡന്റിനു തുല്യമായി. ജോലിക്കൂടുതലും കൂലി കൂടുതലുമില്ലാത്ത തസ്തികയുടെ പേരില്‍ ഒരധ്യാപിക ആക്ഷേപിക്കപ്പെട്ടു.
വിവാദതസ്തികയെക്കാള് എത്രയോ പ്രാധാന്യമുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നേതൃത്വം വഹിച്ചിരുന്നു ആര്. ബിന്ദു; വിജയരാഘവന്റെ ഭാര്യ. തൃശൂര്‍ മേയറായിരുന്നു. മേയര്‍ എന്ന നിലയില്‍ മികവുകൊണ്ട് മാത്രം അവര്‍ അക്കാലത്ത് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിച്ചു. ഈ മാനദണ്ഡപ്രകാരം ഒരു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകാല റിപ്പോര്‍ട്ടിംഗ് യാത്രയില്‍ ബിന്ദുവുമായി അഭിമുഖം നടത്തിയതോര്‍ക്കുന്നു. മേയര്‍ ആയപ്പോള്‍ ഉണ്ടാകാത്ത വിവാദം, വൈസ് പ്രിന്‍സിപ്പലാകുമ്പോള്‍…!
മധ്യതിരുവിതാംകൂറിലെ ഒരു കോളജ്; പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഡോക്ടറേറ്റും 28 വര്‍ഷത്തെ അധ്യാപന പരിചയവും, പുസ്തകങ്ങളും പബ്ലിക്കേഷന്സുമൊക്കെയുള്ള ഒരധ്യാപിക അപേക്ഷകയാകുന്നു. അഭിമുഖം കഴിഞ്ഞു; ഡോക്ടറേറ്റുപോലുമില്ലാത്ത ഒരു സഭാസ്നേഹി, ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴഞ്ഞ് ഇലതിന്നു കാണിക്കുന്ന ഒരു കുഞ്ഞാട് തെരഞ്ഞെടുക്കപ്പെടുന്നു. കാരണം; കോളജിന്റെ ചരിത്രത്തില്‍ ഒരു വനിതയെയും പ്രിന്സിപ്പിലാക്കേണ്ട ഗതികേട് വന്നിട്ടില്ലത്രേ. ബിന്ദു, വിവാദബിന്ദുവാകുന്നതിലും ഇത്തരം വിവേചനം ഉറപ്പ്.
വിജയരാഘവനെതിരെയാണ് കല്ലേറ്. പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും വിചാരിച്ചാല്‍ സാങ്കല്പിക കസേരപോലെയുള്ള ഇത്തരം ഒന്നേ സാധിക്കയുള്ളോ? എന്താ വൈസ് ചാന്സ്ലര് തസ്തികയിലേക്കായിക്കൂടേ?
പട്ടിണിയും ബുദ്ധിമുട്ടും പിന്നിട്ട ബാല്യ കൗമാരങ്ങളാണ് വിജയരാഘവന്റെ ലാളിത്യമാര്‍ന്ന ജീവിതത്തിന്റെ ചൈതന്യം. ഇല്ലായ്മകളാണു കരുത്ത്; ആര്‍ത്തി ഇല്ലായ്മയാണ് വിജയരാഘവന്റെ വിജയരഹസ്യം. തന്റെ മുന്‍ഗാമി വാക്കുകളില്‍ പുഞ്ചിരി പുതപ്പിച്ചിരുന്നുവെങ്കില് വിജയാരഘവന്റേത് തീഷ്ണമായ ജീവിതാനുഭവങ്ങളുടെ ഓര്‍മ്മ നിറയുന്ന മന്ദഹാസമാണ്. ആര്ത്തിയില്ലാത്തവന് അഴിമതി ഉണ്ടാകില്ലെന്ന് ആ മന്ദഹാസം ഓര്‍മ്മിപ്പിക്കുന്നു.
സിനിമാഭാഷ കടമെടുക്കുന്നു.
കോടിയേരി കൊമേഴ്സ്യല്‍ സിനിമയെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് സിനിമയാണ് വിജയരാഘവന്.
Post Truth കാലത്തുള്ളവരോട്: ‘വിജയരാഘവന് സിംപിളാണ്; പവ്വര്ഫുളും.’
https://m.facebook.com/story.php?story_fbid=3531271000319527&id=100003099843822