തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വൻതട്ടിപ്പ്. സമ്പന്നരായ വിദേശമലയാളികൾക്ക് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമനുവദിച്ചു. വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ അനുവദിച്ചാണ് തട്ടിപ്പെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
ഏറ്റവും പാവപ്പെട്ടവർക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകുന്നത്. കുറ്റമറ്റ രീതിയിൽ അർഹതപ്പെട്ടവർക്ക് മാത്രമാണ് സഹായം അനുവദിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. പക്ഷേ ഓപ്പറേഷൻ സിഎംഡിആര്എഫിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്. എറണാകുളം ജില്ലയിൽ സമ്പന്നരായ 2 വിദേശ മലയാളികൾക്ക് CMDRF ൽ നിന്ന് സഹായം കിട്ടി. എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഭാര്യ അമേരിക്കയിൽ നഴ്സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞ തട്ടിപ്പ്.
തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്‍റ് നൽകിയ 16 അപേക്ഷകളിലും സഹായം നൽകി. കരൾ രോഗിക്ക് ചികിത്സ സഹായം നൽകിയത് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ. കരുനാഗപ്പള്ളിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ പേരിൽ രണ്ട് ഘട്ടമായി സർട്ടിഫിക്കറ്റുകൾ നൽകി പണം വാങ്ങി. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരൾ രോഗത്തിനാണ് പണം അനുവദിച്ചത്. പക്ഷേ ഹാജരാക്കിയത് എല്ലുരോഗ വിദഗ്ദൻ നൽകിയ സർട്ടിഫിക്കറ്റ്. കോട്ടയത്തും ഇടുക്കിയലും ഇയാൾ സർട്ടിഫിക്കറ്റ് ഹാജരാക്കി പണംതട്ടി.
സംസ്ഥാനത്ത് ഉടനീളം ഡോക്ടർമാരും ഇടനിലക്കാരും ഏജന്‍റുമാരും അടങ്ങുന്ന വൻ തട്ടിപ്പ് ശൃംഖല തന്നെ പണം കൈക്കലാക്കാൻ പ്രവർത്തിക്കുന്നു എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് വെച്ച് ഉദ്യോഗസ്ഥ ഒത്താശയോടെ അസുഖമില്ലാത്തവരുടെ പേരിലും പണം തട്ടുന്നത് ഒരുരീതി. അർഹതപ്പെട്ടവരുടെ കാര്യത്തിലാകട്ടെ ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും നൽകിയാണ് പണം തട്ടുന്നത്. ശക്തമായ തുടർനടപടികളിലേക്ക് പോകാനാണ് വിജിലൻസിന്റെ തീരുമാനം.