KeralaNEWS

അരലക്ഷം മുന്‍ഗണനാ റേഷ‍ൻ കാർഡുകളുടെ വിതരണം ആരംഭിച്ചു; കേരളം സമ്പൂര്‍ണ്ണ ഭക്ഷ്യഭദ്രതയിലേക്കെന്നു മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരളം സമ്പൂര്‍ണ്ണ ഭക്ഷ്യഭദ്രത ലക്ഷ്യമാക്കിയുള്ള കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് പേകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി അരലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് ഒരു ലക്ഷം മുന്‍ഗണന കാര്‍ഡുകൾ വിതരണം ചെയ്തത് ഉള്‍പ്പെടെ 2,89,860 മുന്‍ഗണനാ കാര്‍ഡുകള്‍ ഇതിനോടകം തരം മാറ്റി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ 3,34,431 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  തദ്ദേശ സ്വയം ഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7490 പേരില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടി പരോഗമിച്ചുവരുന്നു. ജില്ലകളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തിയ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു വരികയാണ്. മൂന്നാം നൂറു ദിന പദ്ധതിയുടെ ഭാഗമായി 50,461 മുന്‍ഗണന കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പേര്‍ക്കും മുന്‍ഗണന കാര്‍ഡുകള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള 3.49 കോടി ഗുണഭേക്താക്കള്‍ ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡ് ഡാറ്റയുമായി കൂട്ടിച്ചേര്‍ക്കുന്ന ആധാര്‍ സീഡിംഗ് പദ്ധതി സംസ്ഥാനം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

Signature-ad

സംമ്പൂര്‍ണ്ണ ആധാര്‍ സീഡിംഗ് പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയതായി അധ്യക്ഷത വഹിച്ച മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. റേഷന്‍ വ്യാപാരി ക്ഷേമനിധിയ്ക്കായി തയ്യാറാക്കിയ ഒദ്യോഗിക ഇന്ററാക്ടീവ് വെബ് പോര്‍ട്ടലിന്റെ ഉദ്ഘാനം ചടങ്ങില്‍ മന്ത്രി ആന്റണി രാജു നിര്‍വ്വഹിച്ചു. നിലവില്‍ റേഷന്‍ വ്യാപാരികള്‍ക്ക് അവരുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ട സ്ഥിതിയായിരുന്നു. ഈ വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നതോടുകൂടി റേഷന്‍ വ്യാപാരി ക്ഷേമനിധിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുക, വരിസംഖ്യ അടയ്ക്കുക, റേഷന്‍ വ്യാപാരികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡുകള്‍ ജനറേറ്റ് ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഓണ്‍ലൈനായി വെബ് പോര്‍ട്ടലിലൂടെ ചെയ്യാവുന്നതാണ്. സമ്മേളനത്തില്‍ സിവില്‍ സപ്ലൈസ് കമ്മീഷ്ണര്‍ ഡോ. സജിത് ബാബു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, റേഷനിംഗ് കണ്‍ട്രോളര്‍ മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: