KeralaNEWS

‘എന്റെ ശിൽപ്പം ഇങ്ങനല്ലാാ’… നടൻ മുരളിയുടേതെന്ന പേരിൽ പുറത്തുവന്ന ശിൽപ്പം താൻ നിർമിച്ചതല്ലെന്നു ശിൽപ്പി വിൽസൺ പൂക്കോയി

തിരുവനന്തപുരം: സംഗീത നാടക അ‌ക്കാദമിയുടെ വളപ്പിൽ സ്ഥാപിച്ച നടൻ മുരളിയുടെ ശിൽപ്പത്തെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ശിൽപ്പി വിൽസൺ പൂക്കോയി. മാധ്യമങ്ങളിൽ നടൻ‌ മുരളിയുടെ പേരിൽ പ്രചരിക്കുന്ന ചിത്രം താൻ നിർമ്മിച്ച പ്രതിമയുടേതല്ലെന്ന് വിൽസൺ പൂക്കോയി വ്യക്തമാക്കി. സംഗീത നാടക അക്കാദമിയുടെ വളപ്പിൽ സ്ഥാപിച്ച വേറൊരു ശിൽപിയുടെ രണ്ടു പ്രതിമകളിൽ ഒന്നാണ് താൻ നിർമ്മിച്ച പ്രതിമയെന്ന പേരിൽ പ്രചരിക്കുന്നതെന്നും വിൽസൺ ചൂണ്ടിക്കാട്ടി.
നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കാനായിരുന്നു തന്നെ ചുമതലപ്പെടുത്തിയത്. എന്നാൽ ശിൽപത്തിനായി നിർമ്മിച്ച കളിമൺ പ്രതിമയ്ക്ക് രൂപസദൃശ്യമില്ലെന്ന് വിലയിരുത്തി നിർമാണം സർക്കാർ ഉപേക്ഷിക്കുകയായിരുന്നെന്ന് ശിൽപി പ്രതികരിച്ചു. അതേസമയം ഇതിനായി ശിൽപി മുൻകൂറായി വാങ്ങിയ 5,70,000 രൂപ ധനവകുപ്പ് എഴുതിതള്ളിയിരുന്നു. മുരളിയുടെ അർധകായ വെങ്കല പ്രതിമ പൂർത്തിയാക്കിയിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വീട്ടിലാണെന്നും വിൽസൺ പറയുന്നു. ഇതിന്റെ ദൃശ്യം പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം രാജൻ എന്ന ശിൽപി നിർമ്മിച്ച പ്രതിമയുടേതാണെന്നും വിൽസൺ പറഞ്ഞു.
അക്കാദമി ഭാരവാഹികൾ മാറിയ മുറയ്ക്ക് നിർമാണത്തിന് മുരളിയുടെ രണ്ടു ചിത്രങ്ങൾ മാറ്റിനൽകി. ആദ്യത്തേത് നോക്കിയാണ് നിർമാണം തുടങ്ങിയെങ്കിലും അധ്യക്ഷ കെ.പി.എ.സി ലളിതയുടെ നിർദേശപ്രകാരം മാറ്റി. കളിമണ്ണിൽ ശിൽപം പൂർത്തിയായപ്പോൾ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരായിരുന്നു.
ശില്പകലയുമായി ബന്ധമുള്ളവരെ ഉൾപ്പെടുത്തി മാതൃക വിലയിരുത്തണമെന്ന് സാംസ്കാരികമന്ത്രിയോടും അക്കാദമി ചെയർമാനോടും അഭ്യർഥിച്ചിരുന്നതായി ശിൽപി പറയുന്നു. ശിൽപി പൂർത്തിയാക്കാൻ താത്പര്യമുണ്ടായിരുന്നതായും നിർമാണം ഉപേക്ഷിച്ചതിൽ വേദനയുണ്ടെന്നും വിൽസൺ പൂക്കോയി വ്യക്തമാക്കി.

Back to top button
error: