മുംബൈ: ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണിൻറെ പേരില്ലാത്തതിൻറെ ഞെട്ടൽ ആരാധകർക്ക് മാറുന്നില്ല. ഫോമിൻറെ ഏഴയലത്ത് പോലുമില്ലാത്ത കെ എൽ രാഹുൽ വരെ ഇടംപിടിച്ച ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത്. പരിക്ക് മാറി ഫിറ്റ്നസ് തെളിയിച്ചിട്ടും സഞ്ജുവിനെ സെലക്ടർമാർ തഴയുമ്പോൾ 2022ലെ താരത്തിൻറെ ഏകദിന സ്കോറുകളുടെ കണക്ക് നിരത്തിയാണ് ആരാധകർ ബിസിസിഐക്ക് മറുപടി നൽകുന്നത്.
2021ൽ ഏകദിനത്തിൽ അരങ്ങേറിയ സഞ്ജുവിന് ആ വർഷം ഒരു അവസരം മാത്രമാണ് ഫോർമാറ്റിൽ ലഭിച്ചത്. ഏകദിന അരങ്ങേറ്റത്തിൽ അന്ന് ലങ്കയ്ക്കെതിരെ 46 റൺസ് നേടി. തൊട്ടടുത്ത വർഷം 2022ൽ 10 മത്സരങ്ങളിലെ ഒൻപത് ഏകദിന ഇന്നിംഗ്സുകളിൽ അഞ്ച് നോട്ടൗട്ടുകൾ സഹിതം 284 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. 71 ആണ് ബാറ്റിംഗ് ശരാശരിയെങ്കിൽ 105 സ്ട്രൈക്ക് റേറ്റുണ്ട് താരത്തിന്. 86 ആണ് ഉയർന്ന സ്കോർ. രണ്ട് അർധ സെഞ്ചുറികൾ സഞ്ജു പേരിലാക്കി. 36, 2*, 30*, 86*, 15, 43*, 6*, 54, 12 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷം സഞ്ജു നേടിയ ഏകദിന സ്കോറുകൾ. ഇറങ്ങിയ പത്തിൽ ഒരു മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. ഏകദിന കരിയറിലാകെ 11 കളികളിലെ 10 ഇന്നിംഗ്സുകളിൽ 66 ശരാശരിയിലും 104 സ്ട്രൈക്ക് റേറ്റിലും 330 റൺസ് സഞ്ജുവിനുണ്ട്.
ടി20യിൽ ടീമിൽ വന്നുംപോയും ഇരിക്കുകയാണ് സഞ്ജു. 2015ൽ അരങ്ങേറ്റം കുറിച്ച താരം 2020, 2021, 2022, 2023 വർഷങ്ങളിൽ ഇടയ്ക്കിടെ നീലക്കുപ്പായമണിഞ്ഞു. പതിനേഴ് മത്സരങ്ങളിലെ 16 ഇന്നിംഗ്സുകളിൽ 301 റൺസ് നേടി. ഉയർന്ന സ്കോർ 77 എങ്കിൽ 133.77 എന്ന മികച്ച പ്രഹരശേഷി താരത്തിനുണ്ട്. കണക്കുകൾ ഇങ്ങനെയാണെങ്കിലും ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കുന്ന പതിവ് ടീം മാനേജ്മെൻറിനോ സെലക്ടർമാർക്കോ ഇതുവരെയില്ല. രോഹിത് ശർമ്മയും വിരാട് കോലിയും അടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന പരമ്പരകളിൽ രണ്ടാംനിര ടീമിനെ അയക്കുമ്പോൾ മാത്രമാണ് സഞ്ജുവിനെ പരിഗണിക്കുന്നത് എന്ന വിമർശനം ഏറെക്കാലമായി ശക്തമാണ്.
https://twitter.com/vichu24062005/status/1627307468450828288?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627307468450828288%7Ctwgr%5E61682ad7043ae2af5e0bb4a40788f10c379fa82d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fvichu24062005%2Fstatus%2F1627307468450828288%3Fref_src%3Dtwsrc5Etfw
ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിലെ ഏക സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷനാണ്. കെ എൽ രാഹുലിനെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നു എന്ന് ഇതിൽ നിന്ന് വ്യക്തം. സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്ത് കാർ അപകടത്തിൽ പരിക്കേറ്റ് പുറത്തായതോടെ വിക്കറ്റ് കീപ്പർ ബാറ്ററാവാനുള്ള മത്സരത്തിൽ കെ എൽ രാഹുലിനൊപ്പം ഇഷാൻ കിഷനും സഞ്ജു സാംസണും ഇടംപിടിച്ചിരുന്നു. എന്നാൽ ഇഷാൻ കിഷൻ ബംഗ്ലാദേശിനെതിരെ ഏകദിന ഇരട്ട സെഞ്ചുറി നേടിയത് സഞ്ജുവിന് വലിയ തടസമായി എന്ന വിലയിരുത്തലുകളുണ്ട്. അപ്പോഴും ഫോമിലല്ലാത്ത കെ എൽ രാഹുലിനെ ടീം നിലനിർത്തുന്നതിൻറെ യുക്തി ആരാധകർക്ക് പിടികിട്ടുന്നില്ല.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിൻറെ കാൽമുട്ടിന് പരിക്കേറ്റത്. പിന്നാലെ ന്യൂസിലൻഡിനെതിരായ ഏകദിന-ടി20 പരമ്പരകൾ കൂടി നഷ്ടമായി. മാത്രമല്ല, കേരളത്തിനായി രഞ്ജി ട്രോഫിയിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. പരിക്കിൽ നിന്ന് പൂർണമായി മുക്തനായ സഞ്ജു സാംസൺ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിൽസയ്ക്കും പരിശീലനത്തിനുമായി എത്തിയ മലയാളി താരം ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചതാണ്. എന്നാൽ മടങ്ങിവരവിൻറെ എല്ലാ കണക്കുകൂട്ടലും പിഴച്ചതിൻറെ അമ്പരപ്പിലാണ് സഞ്ജുവിൻറെ ആരാധകർ.
ഓസീസിനെതിരായ ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, ഷർദുൽ ഠാക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.