KeralaNEWS

ശൈലജയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിനെതിരേ ആകാശ്; പാര്‍ട്ടി പരിശോധിക്കട്ടെയെന്ന് ശൈലജ

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം രാഗിന്ദിനെതിരെ ഫെയ്‌സ്ബുക് കുറിപ്പുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ആര്‍.എസ്.എസിനെ പ്രതിരോധിച്ചതിനാലാണ് താന്‍ ജയിലില്‍ പോയതെന്നും രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേല്‍പ്പിച്ചതെന്നും കുറിപ്പില്‍ പറയുന്നു. രാഗിന്ദിനെ വെള്ളപൂശുന്നവര്‍ അപമാനിക്കുന്നത് തന്റെ കുടുംബത്തെ ആണെന്നും ആകാശ് ആരോപിച്ചു. സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ കമന്റിലാണ് ആകാശിന്റെ പ്രതികരണം.

അതേസമയം, ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കട്ടെയെന്ന് കെ.കെ.ശൈലജ പ്രതികരിച്ചു. വ്യക്തിയെന്ന നിലയില്‍ താന്‍ അഭിപ്രായം പറയേണ്ട കാര്യമല്ല. ആകാശ് തില്ലങ്കേരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി കേഡര്‍മാര്‍ തെറ്റായ പ്രവണത കാട്ടിയാല്‍ തിരുത്താന്‍ ശ്രമിക്കും. തിരുത്തിയില്ലെങ്കില്‍ അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് ചെയ്യുകയെന്നും അവര്‍ പറഞ്ഞു.

Signature-ad

ആകാശ് തില്ലങ്കേരിയുടെ കുറിപ്പില്‍നിന്ന്:

വൈകാരികത കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് അവര്‍. പച്ച തെറിയും പുലഭ്യവും പറയുന്ന രാഗിന്ദിനില്ലാത്ത ബോധം മറ്റുള്ളവര്‍ക്ക് ഉണ്ടാവുമോ. പണ്ട് ഒരു ഉളുപ്പുമില്ലാതെ ആര്‍എസ്എസുമായി കൂട്ടുകച്ചവടം നടത്തിയെന്ന ഇല്ലാകഥ പ്രചരിപ്പിച്ച അതേ കുശാഗ്ര ബുദ്ധിയാണ് ഇതിനു പിന്നിലും.

ആര്‍എസ്എസിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തപെട്ട് കൊലക്കേസില്‍ കിടന്ന മുതിര്‍ന്ന സഖാവിന്റെ ഭാര്യയെ ഉള്‍പ്പടെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിപറയുകയും അപമാനിക്കുകയും ചെയ്ത രാഗിന്ദ് ആണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേല്‍പ്പിച്ചത്.

രാഗിന്ദ് കാണിക്കാത്ത മര്യാദ, രാഗിന്ദിന്റെ തെറിവിളി കേള്‍ക്കുന്നവര്‍ തിരിച്ച് കാണിക്കണമോ?. തെറ്റാരു ചെയ്താലും തെറ്റാണ്. കൈ മെയ് മറന്ന് വെള്ളപൂശുമ്പോള്‍ നിങ്ങള്‍ വേദനിപ്പിക്കുന്നത് രാഗിന്ദാല്‍ അപമാനിതരായ ആ അടിയുറച്ച പാര്‍ട്ടി കുടുംബത്തെ കൂടിയാണ്.

 

Back to top button
error: