KeralaNEWS

കണ്ണൂർ കോടതിസമുച്ചയ നിർമാണക്കരാർ ഊരാളുങ്കലിന് നൽകുന്നതിന് സുപ്രീംകോടതി സ്റ്റേ 

ന്യൂഡല്‍ഹി: കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണക്കരാർ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാനുളള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കൂടിയ തുകയുടെ ക്വട്ടേഷന്‍ നല്‍കിയ സൊസൈറ്റിക്ക് നിർമാണ കരാര്‍ എങ്ങനെ നല്‍കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

കോടതി സമുച്ചയത്തിന്റെ നിർമാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം മുഹമ്മദ് അലിയുടെ നിർമാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. നിർമാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും 7.10 % അധികം തുക ക്വാട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ പുറപ്പെടുവിച്ചത്.

Signature-ad

കോടതി സമുച്ചയത്തിന് വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് തങ്ങളാണെന്ന് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു. കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നിര്‍മ്മാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ് സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ആകെ ബാധിക്കുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി. നിര്‍മ്മാണ കരാര്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയതാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നിര്‍മ്മാണ കരാര്‍ നല്‍കാനുളള ഉത്തരവ് ഇറക്കിയത് എന്നും ഇരുവരും ആരോപിച്ചു.

സര്‍ക്കാര്‍ നിർമാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന സ്വകാര്യ കോണ്‍ട്രാക്ടറുടെ ക്വട്ടേഷനെക്കാള്‍ പത്ത് ശതമാനം അധികതുകയ്ക്ക് സഹകരണ സൊസൈറ്റി നിർമാണ കരാര്‍ ഏറ്റെടുക്കുമെങ്കില്‍ നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി. 1997ലാണ് ഇത്തരം ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്.

Back to top button
error: