KeralaNEWS

സ്വന്തം ആവശ്യത്തിന് ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലമാണ് സിപിഎം അനുഭവിക്കുന്നതെന്നു വി.ഡി. സതീശൻ

കണ്ണൂര്‍: സ്വന്തം ആവശ്യത്തിന് ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലമാണ് സിപിഎം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവരുടെ വിരല്‍ത്തുമ്പില്‍ കിടന്ന് പാര്‍ട്ടി കറങ്ങുകയാണ്. സിപിഎം ഒരു ജനാധിപത്യ പ്രസ്ഥാനമല്ല. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സര്‍ക്കാര്‍ ഭരിക്കാന്‍ മറന്നുപോവുകയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ്. ക്രിമിനലുകളെ ആവശ്യത്തിന് ഉപയോഗിച്ചതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടമുണ്ടാക്കി കൊടുത്തു. എന്നിട്ട് അവരിപ്പോള്‍ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സ്ഥിതിയായി. ഒരുഭാഗത്ത് ക്രിമിനലുകളെ ഉപയോഗിക്കുമ്പോള്‍ മറുഭാഗത്ത് സ്വപ്‌ന സുരേഷിനെ പോലുള്ള സ്ത്രീയെ ഉപയോഗിച്ച് ധനസമ്പാധനം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവരികയാണ്. പാര്‍ട്ടിയുടെ ജീര്‍ണതയാണ്. സത്യം പുറത്തുവരികയാണെന്നും സതീശൻ പറഞ്ഞു.

Signature-ad

സ്വപ്‌ന സുരേഷന്റെ ഇടപാടുകളില്‍ മുഖ്യമന്ത്രിക്ക് വരെ പങ്കുണ്ടെന്ന് തെളിവുകള്‍ പുറത്തിവരികയാണ്. എന്തുകാര്യത്തിന് വേണ്ടിയാണ് ഇവരെ അവര്‍ ഉപയോഗിച്ചത്? അവരുടെ തലയില്‍ മാത്രം കുറ്റം കെട്ടിവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ആ സ്ത്രീയും സിപിഎമ്മിന് എതിരായി തിരിഞ്ഞു. ആകാശ് തില്ലങ്കേരിയുടെ വേറൊരു രൂപമായാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.- അദ്ദേഹം ആരോപിച്ചു.

ലഹരി കടത്ത് കേസ്, കൊലപാതക ശ്രമം, ക്വട്ടേഷന്‍ സംഘങ്ങള്‍, സ്വര്‍ണക്കടത്ത് കേസ്, സ്വര്‍ണം കള്ളക്കടത്ത് നടത്തിയവന്റെ സ്വര്‍ണം പൊട്ടിച്ചെടുക്കാനുള്ള ക്വട്ടേഷന്‍, അശ്ലീല വീഡിയോ വിവാദങ്ങള്‍ തുടങ്ങി നാട്ടില്‍ എന്തെല്ലാം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടോ അതിലെല്ലാം സിപിഎം ഭാഗവാക്കാകുന്ന ദയനീയ കാഴ്ചയാണ്. പൊലീസിനെ പോലും അതിനുവേണ്ടി ഉപയോഗിക്കുകയാണ്. ബംഗാളില്‍ സിപിഎം ഭരണത്തിന് അവസാനമാകുന്ന നാളുകളില്‍ ഉണ്ടായ അതേ സ്ഥിതിയാണ് കേരളത്തിലെ സിപിഎമ്മിനും. സംസ്ഥാനം രൂക്ഷമായ കടക്കെണിയിലാണ്. മന്ത്രി ആന്റണി രാജു ചോദിച്ചത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എന്തിനാണ് ശമ്പളം മാസം ആദ്യം തന്നെ കൊടുക്കുന്നത് എന്നാണ്. ആ ചോദ്യം വരാനിരിക്കുന്ന കാലത്ത് കേരളത്തിലെ എല്ലാവരോടും സര്‍ക്കാര്‍ ചോദിക്കും. കാരണം അത്രമാത്രം കേരളം കാണാത്ത രൂക്ഷമായ കടക്കെണിയിലേക്ക് സര്‍ക്കാര്‍ കൂപ്പുകുത്തുകയാണ്. സ്വകാര്യവത്കരിക്കു ന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പൂട്ടലിന്റെ വക്കത്ത് എത്തിക്കുകയാണ് എന്നും സതീശൻ ആരോപിച്ചു.

 

Back to top button
error: