IndiaNEWS

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെയും ജമ്മുകശ്മീർ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന കൂടുതൽ സംഘടനകളെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പെടുത്തി കേന്ദ്ര സർക്കാർ. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെയും ജമ്മുകശ്മീർ ഗസ്നവി ഫോഴ്സിനെയുമാണ് തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചത്.  ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെയും തീവ്രവാദിയായും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

‘നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നിയമപ്രകാരം ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്), ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്) എന്നീ രണ്ട് സംഘടനകളെയും തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചു” എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. 

Signature-ad

കെടിഎഫ് ദേശീയ സുരക്ഷക്കും, അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് മന്ത്രാലയം വിലയിരുത്തി. ജമ്മു കശ്മീരിലെ ജനങ്ങളെ ഇന്ത്യയ്ക്കെതിരായ തീവ്രവാദ സംഘടനകളിൽ ചേരാൻ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിച്ച് സംഘടന പ്രേരിപ്പിക്കുന്നുണ്ട്. ജെകെജിഎഫ് നിരോധിത തീവ്രവാദ സംഘടനകളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും കണ്ടെത്തി.‌ പഞ്ചാബിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത, ഐക്യം, ദേശീയ സുരക്ഷ, പരമാധികാരം എന്നിവയെ വെല്ലുവിളിക്കുന്നതുമാണ് സംഘടനയെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. സന്ധുവിന് ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുണ്ടെന്നും നിലവിൽ ഇയാൾ പാകിസ്താനിലെ ലഹോറിലാണ് താമസിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: