KeralaNEWS

പൂവന്‍ കോഴിക്ക് പൊന്ന് വില, ഇരിട്ടിയിൽ ഒരു പൂവന് 34000 രൂപ, മണ്ണാർക്കാട്  അരലക്ഷം

  പൂവൻ കോഴിയാണ് താരം. ഗ്രാമങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ലേലങ്ങളിൽ അവിശ്വസിനീയമായ വിലയ്ക്കാണ് ആളുകൾ പൂവൻ കോഴിയെ വാങ്ങുന്നത്. കഴിഞ്ഞ ആഴ്ച ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് 34000 രൂപയ്ക്ക്…! പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കുറേ ചുവടുകൾ കുട്ടി മുന്നോട്ടു പോയി. അരലക്ഷം രൂപയ്ക്കാണ് ഒരു പൂവൻ കോഴി ഇന്ന് ലേലത്തിൽ പോയത്. വെറും പത്ത് രൂപയിൽ തുടങ്ങിയ ലേലമാണ് 50,000 രൂപയിൽ അവസാനിച്ചത്.

തച്ചമ്പാറ കുന്നത്തുകാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്ക് ഫണ്ട് ശേഖരിക്കാനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്. വിട്ടുകൊടുക്കാൻ വിവിധ വേല കമ്മിറ്റികൾ തയ്യാറാകാതിരുന്നതോടെ ലേലം മുറുകി. അവസാനം അമ്പതിനായി‌രം രൂപയ്ക്ക് കൂൾബോയ്സ് എന്ന കമ്മിറ്റിയാണ് പൂവനെ സ്വന്തമാക്കിയത്.

Signature-ad

പരിധി കടന്നതോടെ ലേലം വിളി നിർബന്ധപൂർവം അവസാനിപ്പിക്കേണ്ടിവന്നു എന്നാണ് സംഘാടകർ പറയുന്നത്. അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ എത്തുമായിരുന്നു എന്ന് സംഘാടകർ വ്യക്തമാക്കി. വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കുംപുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളിക്കുന്നത് . ലേലത്തിനായി പൂവൻകോഴി എത്തിയപ്പോഴാണ് സംഗതി കളറായത്.

കഴിഞ്ഞ ആഴ്ച ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ്  ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിലാണ് ഒരു പൂവന്‍ കോഴിയെ  34000 രൂപയ്ക്ക് വാങ്ങിയത് …!

ഇളന്നീര്‍ എഫ്.ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. ലേലം തുടങ്ങുന്ന സമയത്ത് കുറച്ച്‌ കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലം വാശിയേറിയതോടെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവേശപൂർവ്വം കൂട്ടത്തോടെ എത്തി ചേർന്നു.

Back to top button
error: