തലശ്ശേരിയിൽ മാല മോഷ്ടിച്ച കേസില്‍ പിടിയിലായ നാടോടി യുവതികൾ റിമാൻഡിൽ. തമിഴ്നാട് തൂത്തുക്കുടിയിലെ നിഷ (28), കാര്‍ത്ത്യായനി (38), പാര്‍വതി (28) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ജനുവരി മൂന്നിന് തലശ്ശേരി സംഗമം കവലയിൽനിന്ന് ഓട്ടോ യാത്രക്കിടെ പെരുന്താറ്റിൽ സ്വദേശിനി കമലയുടെ (70) എട്ട് പവൻ തൂക്കമുള്ള താലിമാല കവർന്ന കേസിലാണ് ഇവർ അറസ്റ്റിലായത്.
അന്വേഷണച്ചുമതലയുള്ള തലശ്ശേരി പൊലീസിലെ അഡീഷനൽ എസ്.ഐ രൂപേഷാണ് നാട്ടുകാരുടെ സഹായത്തോടെ പയ്യന്നൂർ പെരളത്ത്നിന്ന് തിങ്കളാഴ്ച മൂവരെയും പിടികൂടിയത്.
തിരക്കുള്ള ബസുകളിലും മറ്റും സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരിക്ക് പുറമെ ന്യൂമാഹി, മട്ടന്നൂർ, പരിയാരം, കോഴിക്കോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു.
പയ്യന്നൂരിൽ ഭാര്യാ വീട്ടിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു എ.എസ്.ഐ രൂപേഷ്. കൈയിലുള്ള ഫോണിൽ സൂക്ഷിച്ച സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ കാറിൽ പിന്തുടർന്ന് വിദ്യാർഥികളുടെയും പരിസരവാസികളുടെയും സഹായത്തോടെ തടഞ്ഞുവെച്ച് പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു.
പെരളം ഗ്രാമീൺ ബാങ്കിനു സമീപത്ത് നിന്നാണ് യുവതികൾ പിടിയിലായത്.. പൊലീസിന്റെ നീക്കം മനസ്സിലാക്കിയ യുവതികളിൽ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികളാണ് യുവതിയെ തടഞ്ഞുവെച്ചത്.
തങ്ങള്‍ മോഷണക്കേസിലെ പ്രതികളല്ലെന്നും ആളുമാറിയതാണെന്നും യുവതികൾ നാട്ടുകാരോട് പറഞ്ഞു. എന്നാൽ അവരാരും ഇത് മുഖവിലക്കെടുത്തില്ല.ഇതിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ യുവതികളില്‍ ഒരാള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി സ്വന്തം വസ്ത്രം സ്വയംവലിച്ചുകീറി കേസ് തിരിച്ചുവിടാനുള്ള നീക്കവും നടത്തി.
പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ യുവതികളെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. മാലമോഷണക്കേസില്‍ യുവതികള്‍ പിടിയിലായ വിവരമറിഞ്ഞ് യാത്രക്കിടെയും മറ്റും മാല നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നുണ്ട്.
മറ്റു ജില്ലകളിലും ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. യാത്രാമധ്യേ സ്റ്റോപ്പുകളില്‍ തനിച്ചുനില്ക്കുന്ന സ്ത്രീകളെ ലക്ഷ്യമിടുന്ന ഇവര്‍ ഓട്ടോയില്‍ വഴിയില്‍ ഇറക്കാമെന്ന് പറഞ്ഞ് വിളിച്ചുകയറ്റിയാണ് സൂത്രത്തില്‍ മാല മോഷണം നടത്തുന്നത്.
സഹയാത്രികരെ മയക്കിയാണ് മോഷണം നടത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. യുവതികളുടെ പേരും വിലാസവും യഥാർഥമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാല മോഷണക്കേസില്‍ യുവതികള്‍ പിടിയിലായെന്ന വാർത്ത പുറത്തുവന്നതോടെ നിരവധി സ്ത്രീകൾ പരാതികളുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്.
മറ്റു സ്ഥലങ്ങളിലും പ്രതികൾ സമാനരീതിയിൽ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.