KeralaNEWS

കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തം; അഞ്ഞൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തമുണ്ടായത് ആശങ്കയുണ്ടാക്കി. തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ഞൂറ്റലധികം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെത്തുടർന്ന് തളിപ്പറമ്പ് -ശ്രീകണ്ഠപുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം ആരംഭിച്ചത്. രണ്ടു കിലോമീറ്ററിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

Signature-ad

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാനായി എത്തി. നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി സ്ഥലത്തേക്ക് പാഞ്ഞു. റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടര്‍ന്നു. മറുവശത്തേക്കും തീയെത്തിയത് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കി.

വീടുകള്‍ക്കു സമീപം വരെ തീയെത്തി. ഇതോടെ നൂറുകണക്കിനു നാട്ടുകാരും തീയണയ്ക്കാന്‍ രംഗത്തെത്തി. തീയും പുകയും ചൂടും കാരണം പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയായിരുന്നു. അപകട സ്ഥലത്തിനു ചുറ്റുമുള്ള വീടുകളിൽ നിന്ന് താൽക്കാലികമായി ആളുകളെ ഒഴിപ്പിച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

Back to top button
error: