IndiaNEWS

ഇന്ത്യാ വിരുദ്ധ ശക്തികൾ സുപ്രീംകോടതിയെ ഉപയോ​ഗിക്കുന്നു; വിമർശിച്ച് ആർഎസ്എസ്

ന്യൂഡൽഹി: സുപ്രീംകോടതിയെ വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികൾ സുപ്രിംകോടതിയെ ഉപയോ​ഗിക്കുന്നവെന്നാണ് പത്രത്തിലെ എഡിറ്റോറിയിൽ പരാമർശം. ബിബിസി ഡോക്യുമെൻ്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയൽ.

ബിബിസി പറയുന്നത് തെറ്റാണെന്നും രാജ്യത്തെ അപകീർത്തിപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖപത്രത്തിൽ വിമർശിച്ചു. ഇന്ത്യക്കാർ അടയ്ക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയുമാണ് സുപ്രീംകോടതിയുടെ ചുമതലയെന്നും എഡിറ്റോറിയലിൽ പറയുന്നു.

Signature-ad

അതേസമയം, ബി.ബി.സിയ്ക്ക് എതിരായി കൂടുതൽ പ്രക്ഷോഭങ്ങൾക്ക് സാധ്യത ഉണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിലെ കസ്തൂർബ ഗാന്ധി റോഡിലുള്ള ഓഫീസിൽ കൂടുതൽ കേന്ദ്ര സേന അംഗങ്ങളെ വിന്യസിച്ചു. കൂടുതൽ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ജവാൻമാരെ ആണ് വിന്യസിച്ചത്. മുംബൈ ഓഫീസിലും സുരക്ഷ കൂട്ടി.

ബി.ബി.സി ഓഫീസിലെ റെയ്ഡിലെ വിവരങ്ങൾ ആദായ നികുതി ഉദ്യോഗസ്ഥർ സംയുക്തമായി അവലോകനം ചെയ്യും. സർവ്വേയിൽ ശേഖരിച്ച വിവരങ്ങളാണ് അവലോകനം ചെയ്യുക. ഡൽഹിയിലെയും മുംബൈയിലെയും ഉദ്യോഗസ്ഥർ അവലോകനത്തിൽ പങ്കെടുക്കും. ശേഷം അവ്യക്തതകളിൽ ബി.ബി.സിയോട് വിശദീകരണം തേടും.

Back to top button
error: