CrimeNEWS

ലിവിങ് ടുഗെതര്‍ പങ്കാളിയായ മലയാളി നഴ്‌സിനെ കൊലപ്പെടുത്തി; മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ച് മുങ്ങി, വജ്രവ്യാപാരിയുടെ മകന്‍ പിടിയില്‍

മുംബൈ: ലിവിങ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിന്റെ അറയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. വജ്രവ്യാപാരിയുടെ മകനായ ഹാര്‍ദിക് ഷായാണ് (27) അറസ്റ്റിലായത്. മലയാളിയായ നഴ്‌സ് മേഘ (37) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മുംബൈയ്ക്ക് സമീപമുള്ള വാടക വീട്ടില്‍വെച്ചാണ് കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധ്യപ്രദേശില്‍ നിന്ന് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മേഘയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങള്‍ വിറ്റ് പണവുമായി ഹാര്‍ദിക് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ട്രെയിനില്‍ രക്ഷപ്പെടുകയാണെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് ലൊക്കേഷന്‍ പിന്തുടരുകയും മധ്യപ്രദേശിലെ നഗ്ദയില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് സംഘം പുറപ്പെട്ടു.

Signature-ad

മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്ന ഹാര്‍ദിക്കും മേഘയും കഴിഞ്ഞ ആറ് മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയല്‍വാസികളും പരാതിപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. മലാഡില്‍ നിന്നുള്ള വജ്രവ്യാപാരിയുടെ മകനാണ് ഹര്‍ദിക്. തൊഴില്‍രഹിതനായ ഹാര്‍ദിക്, പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപ പിന്‍വലിച്ചതിനെ തുടര്‍ന്ന് കുടുംബവുമായുള്ള ബന്ധം വഷളായി.

മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിലെ താമസക്കാര്‍ തിങ്കളാഴ്ച പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മേഘയുടെ മരണവിവരം അറിയിച്ച് സഹോദരിക്ക്, ഹാര്‍ദിക് സന്ദേശം അയച്ചിരുന്നതായും പോലീസ് പറഞ്ഞു.

Back to top button
error: