CrimeNEWS

വിദ്യാർഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയി; അഞ്ച് ദിവസംകൊണ്ട് പോലീസ് പരിശോധിച്ചത് ഒന്നല്ല, രണ്ടല്ല, നൂറോളം സിസിടിവി ദൃശ്യങ്ങൾ, ഒടുവില്‍ പ്രതി പിടിയിൽ

മലപ്പുറം: സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളുടെ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം എട്ടിന് വള്ളുവമ്പ്രം അത്താണിക്കൽ എം ഐ സി പടിക്കലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു.

തലയ്ക്കും, കാലിനും ഗുരുതര പരുക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത് കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറോളം സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. നിസാമുദ്ദീൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

Signature-ad

വിദ്യാർഥിനിയെ ഇടിച്ചിട്ട ശേഷം അത്താണിക്കൽ നിന്നും മലപ്പുറം ഭാഗത്തേക്ക് വന്ന് കോട്ടക്കൽ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ലൈസൻസ് റദ്ദ് ചെയ്യാനും മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി പറഞ്ഞു. സബ് ഇൻസ്പെക്ടർ ആർ.പി. സുജിത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അനീഷ് ചാക്കോ, സതീഷ്, കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.

Back to top button
error: