CrimeNEWS

ദുരൂഹസാഹചര്യത്തിൽ പരുക്കേറ്റതിനെത്തുടർന്ന് യുവാവ് മരിച്ച സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കുടുംബം ഉന്നയിച്ച സംശയങ്ങൾ ശരിവയ്ക്കുന്നു

കോട്ടയം: വയലായിൽ സുഹൃത്തായ വീട്ടമ്മയുടെ വീട്ടിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റതിനെ തുടർന്ന് മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് വയലാ സ്വദേശി അരവിന്ദിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കുടുംബം ഉന്നയിച്ച സംശയങ്ങൾ പലതും ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ.

ഇക്കഴിഞ്ഞ ജനുവരി 9നാണ് കോട്ടയം . വയലാ കാഞ്ഞിരത്തിങ്കൽ സ്വദേശിയായ 38 വയസുകാരൻ അരവിന്ദ് മരിച്ചത് . സുഹൃത്തായ വീട്ടമ്മയുടെ ഏറ്റുമാനൂരിലെ വീട്ടിൽ കുഴഞ്ഞുവീണ അരവിന്ദനെ ആശുപത്രിയിൽ ആക്കിയ ശേഷം വീട്ടമ്മയുടെ ബന്ധുക്കൾ മുങ്ങുകയായിരുന്നു. പിന്നാലെ അരവിന്ദന്റെ മരണം സംഭവിച്ചു. മകനെ യുവതിയും വീട്ടുകാരും ചേർന്ന് അപായപ്പെടുത്തി എന്ന ആരോപണം അരവിന്ദന്റെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു.

Signature-ad

കുടുംബം ഉന്നയിച്ച സംശയങ്ങൾ സാധൂകരിക്കും വിധമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും. അരവിന്ദന്റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .തലയോട്ടിയിൽ പൊട്ടലുണ്ട്.തലയ്ക്കു പിന്നിലും ഇടതു തോളിൽ അടക്കം വിവിധ ഇടങ്ങളിൽ ചതവേറ്റതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ തലയ്ക്കു പിന്നിലെ മുറിവ് എങ്ങനെ ഉണ്ടായതാണെന്നതിനെ കുറിച്ച് റിപ്പോർട്ടിൽ സൂചനയില്ല. അരവിന്ദൻ ബോധരഹിതനായി നിലത്തു വീണ് തലയിടിച്ചാണ് മുറിവേറ്റതെന്നായിരുന്നു സുഹൃത്തായ വീട്ടമ്മയുടെ വാദം. അരവിന്ദനെ വീട്ടമ്മയും കുടുംബാംഗങ്ങളും ചേർന്ന് തലയ്ക്കടിച്ച് കൊന്നെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബാംഗങ്ങൾ.

മെഡിക്കൽ കോളേജ് അധികൃതർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഏറ്റുമാനൂർ പോലീസിന് കൈമാറി. അരവിന്ദന്റെ ദുരൂഹരണവുമായി ബന്ധപ്പെട്ട വാർത്തയ്ക്കു പിന്നാലെ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വീണ്ടും കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം കേസിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള ഏറ്റുമാനൂർ എസ് എച്ച് ഒ അറിയിച്ചു.

Back to top button
error: