NEWSWorld

തുർക്കി – സിറിയ ഭൂചലനം: മരണ സംഖ്യ 37000 കടന്നു; ദുരന്തം നടന്ന് 200 മണിക്കൂറിന് ശേഷം രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി

ദില്ലി: തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 37000 കടന്നു. ദുരന്തം നടന്ന് എട്ട് ദിവസം കഴിഞ്ഞു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി. 200 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തൽ. ചില ഇടങ്ങളിൽ നിന്ന് ഇനിയും ഇത്തരത്തിൽ ആളുകളെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. അതിനിടെ വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയൻ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിനായി അതിർത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സഹായം എത്തിക്കുന്നതിനായാണ് തുർക്കിയോട് ചേർന്നുള്ള രണ്ട് അതിർത്തി പ്രദേശങ്ങൾ തുറക്കുന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായി യു എൻ ജനറൽ സെക്രട്ടറി നടത്തിയ ചർച്ചയ്ക്കൊടുവാലാണ് അതിർത്തി തുറക്കാൻ തീരുമാനിച്ചത്.

സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും തുർക്കിയിലും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും, അത് ഒന്നിനും തികയില്ലെന്ന് ആക്ഷേപമുണ്ട്.

Signature-ad

തുർക്കിയുടെ തെരുവുകളിൽ കടുത്ത ശൈത്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ അന്തിയുറങ്ങുന്നത് കാറുകളിലും താത്കാലിക ടെന്റുകളിലുമാണ്. ഭൂകമ്പത്തിൽ നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളും മറ്റും അഭയാർത്ഥികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കിടക്കകൾക്കും കമ്പിളി പുതപ്പുകൾക്കും ക്ഷാമമുണ്ട്. കുട്ടികളെ പുതപ്പിച്ചു കിടത്തി, തണുപ്പിനെ ചെറുക്കാൻ രാത്രി മുഴുവൻ തെരുവിലൂടെ നടക്കാൻ നിർബന്ധിതരാണ് രക്ഷിതാക്കളിൽ പലരും.

Back to top button
error: