NEWSWorld

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തുര്‍ക്കി; 113 പേര്‍ക്ക് വാറന്റ്

) മരണം 28,000 കവിഞ്ഞു

അങ്കാറ: കഴിഞ്ഞാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ വ്യാപകമായി കെട്ടിടങ്ങള്‍ തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ തുര്‍ക്കി ഭരണകൂടം. ഭൂകമ്പത്തെ ചെറുക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളാണു തകര്‍ന്നതെന്നാണു വിവരം. ഇതിനുപിന്നാലെ നിര്‍മാണത്തില്‍ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് 113 പേര്‍ക്ക് അറസ്റ്റ് വാറന്റ് അയച്ചു. അതേസമയം, സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞതായാണു റിപ്പോര്‍ട്ട്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനം തുര്‍ക്കിയിലെ പത്തു പ്രവിശ്യകളിലാണു നാശംവിതച്ചത്. ഇവിടെ വ്യാപകമായി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും, ഇവയില്‍ പലതും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചവയാണെന്നാണു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ കെട്ടിടം തകരാന്‍ ഉത്തരവാദികളായ 131 പേരെ തിരിച്ചറിഞ്ഞതായും 113 പേരെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടതായും െവെസ് പ്രസിഡന്റ് ഫുവാട് ഒക്‌ടേ പറഞ്ഞു. പൂര്‍ണമായി തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും കൂടുതലും മരണങ്ങളും പരുക്കുകളുമുണ്ടായ കെട്ടിടസമുച്ചയങ്ങളിലും പരിശോധന നടത്തും. ഭൂകമ്പമേഖലയിലെ പ്രവിശ്യകളില്‍ മരണങ്ങളും പരുക്കുകളും അന്വേഷിക്കാന്‍ നീതിന്യായ മന്ത്രാലയം ഭൂകമ്പ കുറ്റകൃത്യ അന്വേഷണ ബ്യൂറോകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് 62 പേരെ കസ്റ്റഡിയിലെടുക്കാന്‍ അദാനയിലെ സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു. ഇതിനു സമാനമായി ദിയാര്‍ബക്കിറില്‍ 33 പേരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സാന്‍ലിയൂര്‍ഫയില്‍ എട്ടു പേരെയും ഒസ്മാനിയില്‍ നാലു പേരെയും കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

1,70,000-ലധികം കെട്ടിടങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 24,921 കെട്ടിടങ്ങള്‍ പൂര്‍ണമായി തകരുകയോ ഇവിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തതായി പരിസ്ഥിതി മന്ത്രി മുരാത് കുറും പറഞ്ഞു.

പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ സര്‍ക്കാര്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നടപ്പിലാക്കിയില്ലെന്നും 1999 ലെ അവസാനത്തെ വലിയ ഭൂകമ്പത്തിനു ശേഷം കെട്ടിടങ്ങള്‍ക്ക് ഭൂകമ്പത്തെ കൂടുതല്‍ പ്രതിരോധിക്കുന്നതിനായി ചുമത്തിയ പ്രത്യേക നികുതികള്‍ തെറ്റായി ചെലവഴിച്ചെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

Back to top button
error: