മൂന്നാർ: സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കാര്‍ഷിക ആവശ്യത്തിനായി നിര്‍മിച്ച ഷെഡ് ഒറ്റയാന്റെ ആക്രണത്തില്‍ തകര്‍ന്നു. മുട്ടുകാട് സ്വദേശിയായ പയ്യാനിചോട്ടില്‍ വിജയകുമാര്‍ ഏലം കൃഷിക്കായി സൂര്യനെല്ലിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. പണി ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഷെഡ് അരികൊമ്പന്‍ എന്ന ഒറ്റയാന്‍ പൂര്‍ണമായും തകര്‍ത്തു.
കൃഷിയിടത്തില്‍ ജലസേചനം നടത്തുന്നതിനായി സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് സംവിധാനവും തകര്‍ത്തതായി വിജയകുമാര്‍ പറഞ്ഞു. നിരവധി ഏലച്ചെടികളും കാട്ടാന ചവിട്ടി നശിപ്പിച്ചു. അരികൊമ്പന്‍ ജനവാസ മേഖലയില്‍ തമ്പടിയ്ക്കുന്നത് പതിവായിരിക്കുകയാണ്.തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ജനങ്ങള്‍ പൊറുതി മുട്ടുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.
അരികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടുന്നതിന് വേണ്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കഴിഞ്ഞ ദിവസം ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെയും പ്രശ്‌നക്കാരനായ അരി കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ അനുമതി ലഭിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.