ശബ്ദ സന്ദേശം തന്റെത് ആണോ എന്നുറപ്പില്ല ,സ്വപ്ന ഒഴിയുന്നു
പുറത്ത് വന്ന ശബ്ദ സന്ദേശത്തിനു തന്റെ ശബ്ദവുമായി സാമ്യം ഉണ്ടെങ്കിലും തന്റേത് തന്നെയാണോ ശബ്ദം എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് സ്വപ്ന സുരേഷ് .ഡി ഐ ജി അജയകുമാറിന് നൽകിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം പറയുന്നത് .ശാരീരിക -മാനസിക അവസ്ഥ മോശം ആയിരുന്നതിനാൽ ഇപ്പോൾ ഒന്നും ഓർമ ഇല്ലെന്നാണ് സ്വപ്നയുടെ വിശദീകരണം .ശബ്ദസന്ദേശം കൃത്രിമമാണോ എന്ന് പരിശോധിക്കണമെന്ന് ഡി ഐ ജിയുടെ റിപ്പോർട്ടിൽ പറയുന്നു .
സൈബർ സെൽ ഇക്കാര്യം പരിശോധിക്കണം എന്നാവശ്യപ്പെട്ട് ജയിൽ ഡി ജി പി ഋഷിരാജ് സിങ് ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി .ശബ്ദ സന്ദേശം ആര് എവിടെ വച്ച് റെക്കോർഡ് ചെയ്തു എന്നത് കണ്ടെത്തണം എന്നതാണ് ആവശ്യം .
ശബ്ദസന്ദേശം തന്റേത് ആണോ എന്ന് ഉറപ്പില്ലെന്നു സ്വപ്ന പറയാൻ കാരണം ഭാഷ ആണെന്ന് സ്വപ്ന പറഞ്ഞതായി ഡി ഐ ജി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് .മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ താൻ കൂടുതലും ഇംഗ്ലീഷ് വാക്കുകൾ ആണ് ഉപയോഗിക്കാറ് എന്നും ഈ ശബ്ദ രേഖയിൽ ഇംഗ്ലീഷ് വാക്കുകൾ കുറവാണു എന്നും സ്വപ്ന പറഞ്ഞതായി ഡി ഐ ജിയുടെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് വിവരം .
അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല ശബ്ദരേഖ റെക്കോർഡ് ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം .ഈ 14 നാണ് സ്വപ്ന ജെയിലിൽ എത്തുന്നത് .ബുധനാഴ്ചകളിൽ ആണ് സന്ദർശകരെ അനുവദിച്ചത് .’അമ്മ ,ഭർത്താവ് ,2 മക്കൾ ,സഹോദരൻ എന്നിവരെ കാണാൻ മാത്രമാണ് അനുമതി .അമ്മയോട് ഒരു തവണ മാത്രമാണ് ഇവിടെ വച്ച് സംസാരിച്ചത് .