പത്തനംതിട്ട: ഭാര്യാപിതാവ് മരിച്ചതറിഞ്ഞു നാട്ടിലേക്ക് തിരിച്ച മരുമകന് ലുധിയാന റെയിവേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ആറന്മുളയിലെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ദീപാലയത്തില്‍ കെ.ആര് രവീന്ദ്രന് നായര്‍ (ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസര്‍ – 70) ആണ് അന്തരിച്ചത്. മരണവാര്‍ത്ത അറിഞ്ഞു പഞ്ചാബില്‍നിന്നു നാട്ടിലേക്ക് തിരിച്ച മരുമകന് സതീഷ് കുമാര്‍ ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. രണ്ടു പേരുടെയും സംസ്കാരം ഇന്നു നടക്കും.
രാധാമണി ആണ് രവീന്ദ്രന് നായരുടെ ഭാര്യ. മക്കള്‍: ദീപ, ദീപേഷ് കുമാര്‍. മരുമക്കള്‍: രാജലക്ഷമി, പരേതനായ ആര് സതീഷ് കുമാര്‍ മല്ലപ്പുഴശ്ശേരി യുവജന വായനശാല മുന്‍ പ്രസിഡന്റ്, ആറന്മുള ഗവ. വിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ്, ആറന്മുള ക്ഷേത്ര ഉപദേശക സമതി അംഗം, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം ഉപദേശക സമതി സെക്രട്ടറി, ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് കമ്മറ്റി അംഗം, ബിജെപി ജില്ലാ ജോയിന്റ് കണ്‍വീനര്‍, ആറന്മുള ജലമേള പ്രവര്ത്തകന് തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ സഹകരണ ബാങ്ക് മാനേജരായി കടമ്മനിട്ട, തടിയൂര്‍, റാന്നി, അയിരൂര്‍, പുറമറ്റം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. തങ്ക അങ്കി ഘോഷയാത്ര, ആറന്മുള ഉത്സവം തുടങ്ങിയവയുടെ നടത്തിപ്പിലും സജീവമായിരുന്നു രവീന്ദ്രന് നായര്‍.
ആറന്മുള പന്തളം തോന്നല്ലൂര്‍ വടക്കേനലുതുണ്ടിയില് പരേതനായ രാഘവന് പിള്ളയുടെയും ജാനകിയമ്മയുടെയും മകന് ആണ് ആര് സതീഷ് കുമാര്‍ (55, ഐഒഎല്‍ കെമിക്കല്‍സ്, പഞ്ചാബ്). ഭാര്യാപിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞു നാട്ടിലേക്ക് ഡല്‍ഹി വഴി വിമാനത്തില്‍ മടങ്ങാന്‍ ലുധിയാന റെയിവേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അസുഖം ഉണ്ടായത്. ഒപ്പമായുണ്ടായിരുന്ന അയല്‍വാസികളും കമ്പനിയിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ദീപ്. മക്കള്‍: അശ്വതി, ഐശ്വര്യ.