മുംബൈ: രത്‌നാഗിരി റിഫൈനറി നിര്‍മാണത്തിനെതിരെ വാര്‍ത്തകള്‍ നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തി. രത്‌നാഗിരി സ്വദേശിയായ ശശികാന്ത് വാരിഷെ ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ പ്രാദേശിക പത്രമായ ‘മഹാനഗിരി ടൈംസി’ല്‍ ജോലി ചെയ്ത് വരികയായിരുന്നു വാരിഷെ.
ബര്‍സുവില്‍ ആരംഭിക്കാനിരിക്കുന്ന രത്‌നാഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സിന്റെ നിര്‍മാണത്തിനെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്ന വ്യക്തിയായിരുന്നു വാരിഷെ. ഇതിലുള്ള അമര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിച്ചിരുന്ന പന്താരിനാഥ് അംബേര്‍ക്കര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിഫൈനറി നിര്‍മാണത്തെ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു അംബേര്‍ക്കര്‍.
‘ഫോട്ടോ ഓഫ് ക്രിമിനൽ എലോങ്‌സൈഡ് പി.എം, സി.എം ആൻഡ് ഡി.സി.എം ക്ലെയിം ഫാർമേഴ്‌സ് പ്രൊട്ടസ്റ്റിങ്ങ് എഗെയിൻസ്റ്റ് റിഫൈനറി എന്ന തലക്കെട്ടിൽ വാരിഷെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാരിഷെയുടെ കൊലപാതകം. അറസ്റ്റ് ചെയ്യപ്പെട്ട അംബേർക്കറിനെ കുറിച്ചും ലേഖനത്തിൽ പരാമർശിച്ചിരുന്നു. റിഫൈനറി വരുന്നതിനെതിരെ പ്രതിഷേധിച്ചവരെ ഇയാൾ അപായപ്പെടുത്തിയെന്നും സംഭവത്തിൽ അംബേർക്കറിനെതിരെ എഫ്.ഐ.ആർ നിലനിൽക്കുന്നുണ്ടെന്നും വാരിഷെയുടെ ലേഖനത്തിൽ പറയുന്നതായി ദേശീയ മാധ്യമം ചെയ്തു.
തിങ്കളാഴ്ച രാജപൂരിലെ പെട്രോൾ പമ്പിന് സമീപം നിന്നിരുന്ന വാരിഷെയെ പ്രതി വാഹനിമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇടിച്ചതിനെ പിന്നാലെ മീറ്ററുകളോളം വാരിഷെയെ വലിച്ചിഴച്ചു കൊണ്ടുപോയതായും ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിടിക്കപ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വാരിഷെ മരണപ്പെട്ടത്.
പ്രതിയായ അംബേർക്കറിനെ അറസ്റ്റ് ചെയ്തതായും ഫെബ്രുവരി 14 വരെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ തുടരുമെന്നും രത്‌നാഗിരി പൊലീസ് സുപ്രണ്ട് ധനാഞ്ജയ് കുൽക്കർണി പറഞ്ഞു. പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്കായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തുകയായിരുന്നു. അതേസമയം പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി വിനായക് റൗട്ട് അറിയിച്ചു. അംബേർക്കർ മുൻപും റിഫൈനറിക്കെതിരെ സംസാരിച്ചവരെ അപായപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും റൗട്ട് പറഞ്ഞു. റിഫൈനറി പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നേരത്തെ പ്രതിഷേധം ശക്തമാക്കിയിരുന്നു.