സുല്‍ത്താന്‍ബത്തേരി: ഇഞ്ചിവിറ്റ പണം ചോദിച്ചതിന് പുല്‍പ്പള്ളി സ്വദേശിയായ കര്‍ഷകനെ മാനന്തവാടിയിലെ വ്യാപാരി കൂട്ടാളികളുമായി എത്തി മര്‍ദ്ദിച്ചെന്ന് പരാതി. വര്‍ഷങ്ങളായി കര്‍ണാടകയില്‍ ഇഞ്ചികൃഷി നടത്തുന്ന പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി സിജു (48) ആണ് ജോയി എന്നയാള്‍ മര്‍ദ്ദിച്ചതായി കാണിച്ച് കര്‍ണാടകയിലെ ജയ്പുര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മാനന്തവാടിയിലും കര്‍ണാടകയിലുമായി വ്യാപാരം നടത്തുകയാണ് ജോയി എന്നും ഇദ്ദേഹം തന്റെ പക്കല്‍ നിന്നും ഇഞ്ചി വാങ്ങിയെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും തര്‍ക്കമുണ്ടാവുകയും പിന്നീട് സിജു താമസിക്കുന്ന ഷെഡിലെത്തി മര്‍ദ്ദിച്ചെന്നുമാണ് പറയുന്നത്.
കര്‍ണാടകയിലെ അംബാ പുരക്കടത്ത് മധൂര്‍ എന്ന സ്ഥലത്താണ് സിജു കൃഷി നടത്തുന്നത്. ഇവിടെയുള്ള ഷെഡില്‍ ഉച്ചഭക്ഷണത്തിനെത്തിയപ്പോള്‍ മാനന്തവാടിയില്‍ നിന്ന് ഗുണ്ടകളെയും കൂട്ടിയെത്തിയാണ് ആക്രമിച്ചതെന്നാണ് സിജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ചെവിക്കും മറ്റും പരിക്കേറ്റതിനെ തുടര്‍ന്ന് താന്‍ മധൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ സിജു സൂചിപ്പിച്ചു. സിജുവിന്റെ പരാതിയില്‍ ജയ്പുര പോലീസ് കേസെടുത്തു. അതിനിടെ കര്ഷകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ണാടകയിലെ മലയാളി കര്‍ഷകരുടെ കൂട്ടായ്മയായ നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് (എന്‍.എഫ്.പി.ഒ) പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കര്ഷകനില് നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും പണം ചോദിച്ചപ്പോള്‍ പ്രകോപിതനായി കൂട്ടാളികളെയും കൂട്ടിയെത്തി മര്‍ദ്ദിക്കുകയും ചെയ്തിരിക്കയാണ്. സംഭവത്തില്‍ വ്യാപാരി ജോയിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ജോയിയുടെ കര്‍ണാടകയിലുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച മലയാളി ഇഞ്ചികര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തില്‍ ചെയര്മാന് ഫിലിപ്പ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എസ്.എം റസാഖ്, ട്രഷറര്‍ പി.പി.തോമസ്, വൈസ് ചെയര്മാന് വി.എല്‍. അജയകുമാര്‍, ജോയിന്റ് കണ്‍വീനര്‍ എം.സി.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.