KeralaNEWS

ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിക്കവെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന് പിന്നാലെ സ്‌കൂട്ടർ ഓടിക്കവെ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി പാലവയലിലുണ്ടായ അപകടത്തിൽ പുളിയാർമല കളപ്പുരയ്ക്കൽ സന്തോഷിന്റെ മകൻ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്.

കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ പരിചരിക്കാൻ എത്തിയതായിരുന്നു. ഇതിനിടെയാണ് രോഗിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. തുടർന്ന് ബന്ധുവിനെ ആംബുലൻസിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലൻസിന് പിറകിലായി സ്‌കൂട്ടറിലായിരുന്നു വിഷ്ണുവിന്റെ യാത്ര. ഇതിനിടെ പാലവയലിൽ വെച്ച് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നുവെന്നാണ് പറയുന്നത്.

ബന്ധുവായ രോഗിയെയും കൊണ്ടുപോയ ആംബുലൻസിലുള്ളവർ അപകടവിവരം അറിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷം ഇതുവഴി എത്തിയ മറ്റു വാഹനയാത്രികരാണ് യുവാവ് റോഡിൽ വീണ് കിടക്കുന്നത് കണ്ടത്. അപകടമാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ വാഹനയാത്രികരും ചേർന്ന് വിഷ്ണുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ വിഷ്ണു മരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: