സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് അതിര്‍ത്തി ജില്ലയായ കാസര്‍കോട്ടെ ഡീലര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബജറ്റില്‍ പെട്രോളിനും ഡീസലിനും പ്രഖ്യാപിച്ച വില വര്‍ധനവ് പിന്‍വലിക്കണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഏപ്രില്‍ ഒന്ന് മുതല്‍ കാസര്‍കോട് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ലയില്‍ 72 പെട്രോള്‍ പമ്പുകകളാണുള്ളത്. കച്ചവടം കുറഞ്ഞതിനാല്‍ 10 പെട്രോള്‍ പമ്പുകള്‍ ജില്ലയില്‍ അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോള്‍ തന്നെ കര്‍ണാടകയെക്കാളും കേരളത്തില്‍ ഡീസലിന് എട്ടര രൂപയും പെട്രോളിന് ആറര രൂപയും അധികമാണ്.
വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നാല്‍ ഡീസലിന് 11 രൂപയും പെട്രോളിന് എട്ടര രൂപയും അധിക വിലയാവും. അതിര്‍ത്തിയിലൂടെ ഇന്ധന കള്ളക്കടത്തിന് ഇത് വഴി തുറക്കും. മാത്രമല്ല കേരളത്തിലേക്ക് വരുന്ന ചരക്കുലോറികള്‍ കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ഇന്ധനം നിറക്കും. വര്‍ധിപ്പിച്ച സെസിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ ഇരട്ടി തുക ടാക്‌സിനത്തില്‍ നഷ്ടമുണ്ടാകും.
നിലവിലുള്ള സാഹചര്യത്തില്‍ത്തന്നെ പല ഡീലര്‍മാരും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പറ്റാത്ത വിധത്തില്‍ കടുത്ത പ്രതിസന്ധിയിലാണ്. ആറുവരിപ്പാത നിര്‍മാണം തുടങ്ങിയതോടെ ദേശീയ പാതയോരത്തെ മിക്ക പമ്പുകളിലേക്കുമുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ബയോ ഡീസല്‍ എന്ന പേരില്‍ വരുന്ന വ്യാജ ഉത്പന്നങ്ങള്‍ ഏജന്റ് വഴി ജില്ലയുടെ പല ഭാഗത്തും വില്‍ക്കുന്നു. വ്യവസായങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കംപനികള്‍ അനുവദിച്ച അനുമതി ദുരുപയോഗപ്പെടുത്തി ബ്രൗസര്‍ വണ്ടികള്‍ കവലകളില്‍ വെച്ച് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നു.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഡീസലടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വഴി നികുതിയിനത്തില്‍ നല്ലൊരു തുക കേരളത്തിന് നഷ്ടമാകുന്നു. കേരളത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാരിന്റെ വരുമാന നഷ്ടം കുറക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍കാര്‍ ഒരു രൂപ വീതം പെട്രോളിനും ഡീസലിനും സെസ് ഏര്‍പെടുത്തിയിരുന്നു. മദ്യനിരോധനം പിന്‍വലിച്ചെങ്കിലും സെസ് ഇത് വരെ പിന്‍വലിച്ചിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച വിലവര്‍ധനവ് വിതരണക്കാരെ മാത്രമല്ല ജനങ്ങളെ തന്നെ കടുത്ത സാമ്പത്തിക ദുരിതത്തിലേക്ക് നയിക്കും.