ന്യൂഡൽഹി: അഭയാ കേസിൽ നിർണായക വിധിയുമായി ഡൽഹി ഹൈക്കോടതി. സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ വിധിച്ചു. പരിശോധന നടത്തിയ സിബിഐക്കെതിരെ സിസ്റ്റർ സെഫിക്കു നിയമ നടപടികളുമായി മുന്നോട്ടുപോവാമെന്നും കോടതി പറഞ്ഞു.
കേസിൽ പ്രതിയായാലും അല്ലെങ്കിലും കസ്റ്റഡിയിൽ ഉള്ള ഒരു സ്ത്രീയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സിസ്റ്റർ സെഫിയുടെ ഹർജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.
തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നും അതിന്റെ റിപ്പോർട്ട് പുറത്തുവിട്ടെന്നും സിസ്റ്റർ സെഫി കോടതിയെ അറിയിച്ചിരുന്നു. കന്യാചർമം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയെന്ന തെറ്റായ കഥ സിബിഐ പ്രചരിപ്പിച്ചെന്നും അവർ പറഞ്ഞു. കന്യകാത്വ പരിശോധനയ്ക്ക് എതിരെ നൽകിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മിഷൻ തള്ളിയിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ സെഫി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.