IndiaNEWS

വിവാഹമോചനം നേടിയ ശേഷവും ഭർത്താവിൽ നിന്ന് ഭാര്യയ്ക്ക് ജീവനാംശം അവകാശപ്പെടാമെന്നു ഹൈക്കോടതി

മുംബൈ: വിവാഹമോചനത്തിനു ശേഷവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭാര്യയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാശം അവകാശപ്പെടാമെന്നു ബോംബെ ഹൈക്കോടതി. വിവാഹ മോചനം നേടിയ ഭാര്യയ്ക്കു പ്രതിമാസം ആറായിരം രൂപ വീതം നല്‍കാനുള്ള സെഷന്‍സ് കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

ഒരേ വീട്ടില്‍ വിവാഹ ബന്ധത്തിലൂടെയോ അതിനു സമാനമായ രീതിയിലോ ഒരുമിച്ചു കഴിഞ്ഞവരെയാണ്, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുടുംബ ബന്ധം എന്നു നിര്‍വചിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ആര്‍ജി അവചത് പറഞ്ഞു. ഏതു കാലത്തും ഈ ബന്ധപ്രകാരം ഒരുമിച്ചു കഴിഞ്ഞവര്‍ നിയമത്തിന്റെ നിര്‍വചനത്തില്‍ പെടുമെന്ന് കോടതി വ്യക്തമാക്കി.

Signature-ad

2013 മേയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ആയ ഹര്‍ജിക്കാരന്‍ വിവാഹിതനായത്. 2013 ജൂലൈയില്‍ തന്നെ ഇവര്‍ വേര്‍പിരിഞ്ഞു, പിന്നീട് നിയമപരമായി വിവാഹ മോചനം നേടുകയും ചെയ്തു. വിവാഹ മോചന സമയത്ത്, ഗാര്‍ഹിക പീഡന നിമയപ്രകാരം ജീവനാംശത്തിന് ഭാര്യ ആവശ്യം ഉന്നയിച്ചിരുന്നു. കുടുംബ കോടതി ഇതു തള്ളി. എന്നാല്‍ 2021ല്‍ സെഷന്‍സ് കോടതി ഈ ആവശ്യത്തില്‍ അനുകൂല വിധി പറഞ്ഞു. ഇതിനെതിരെ ഭര്‍ത്താവാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹ മോചനത്തിന്റെ സമയത്തുതന്നെ ജീവനാംശം സംബന്ധിച്ച കുടിശ്ശികയെല്ലാം തീര്‍ത്തതാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. നിലവില്‍ ഈ സ്ത്രീയുമായി തനിക്കു ബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജീവനാംശം നല്‍കാന്‍ ബാധ്യതയില്ലെന്നും വാദിച്ചു. എന്നാല്‍ വിവാഹ മോചനത്തിനു ശേഷവും ഗാര്‍ഹിക പീഡന നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാവുമെന്ന എതിര്‍കക്ഷിയുടെ വാദം കോടതി അംഗീകരിച്ചു.

 

Back to top button
error: