NEWS

സൈനിക സ്‌കൂള്‍ ഉദ്ഘാടനം ആര്‍.എസ്.എസ്. മേളയാക്കിയെന്ന് ആരോപണം; ചടങ്ങില്‍നിന്ന് വിട്ടുനിന്നു കോഴിക്കോട് മേയറും കളക്ടറും

കോഴിക്കോട്: ആര്‍.എസ്.എസ് നേതാക്കളുടെ അതിപ്രസരം മൂലം വിവാദത്തിലായ സൈനിക സ്‌കൂള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പും കളക്ടര്‍ ടി.എല്‍. റെഡ്ഡിയും കൗണ്‍സിലര്‍ കെ.സി ശോഭിതയും. ആര്‍.എസ്.എസിന്റെ ദേശീയ-സംസ്ഥാന നേതാക്കളെ കൂട്ടത്തോടെ ചടങ്ങിൽ അണിനിരത്താനുള്ള തീരുമാനം നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മേയറും കളക്ടറും ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്. കേന്ദ്ര സഹമന്ത്രി അജയ് ഭട്ട് ആയിരുന്നു വേദവ്യാസ സൈനിക സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

വിദ്യാലയ അധ്യക്ഷന്‍ പി. ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.എസ്.എസ് മുതിര്‍ന്ന പ്രചാരക് എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി കേന്ദ്രമന്ത്രിക്ക് ഉപഹാരം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എം. ജ്യോതീശന്‍ സ്വാഗതവും ലിജി രാജീവ് നന്ദിയും പറഞ്ഞു. നേരത്തെ കോഴിക്കോട് നടന്ന ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് മേയര്‍ ബീന ഫിലിപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി മേയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

Signature-ad

അതേസമയം രാജ്യം പുരോഗതിയുടെ പാതയിലാണെന്നും മുത്തലാഖ്, സി.എ.എ പോലുള്ള പദ്ധതികളുമായി രാജ്യം മുന്നോട്ടു കുതിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ഒരുകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളെല്ലാം സ്വയം നിര്‍മ്മിക്കാനാകും വിധം ഇന്ത്യ വളര്‍ന്നുവെന്നും എട്ട് വര്‍ഷമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കായകല്‍പ പ്രക്രിയയാണ് നടക്കുന്നതെന്നും അജയ് ഭട്ട് പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കും, മുത്തലാഖ് നിരോധനവും, സി.എ.എയും നടത്തി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും ചടങ്ങില്‍ സംസാരിക്കവേ അജയ് ഭട്ട് പറഞ്ഞു.

‘ഒരുകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് ചോദിച്ചുവാങ്ങേണ്ടി വന്നതെല്ലാം ഇന്ന് നമുക്ക് സ്വന്തമായുണ്ട്. ശത്രുക്കളെ അകലത്തില്‍ നിര്‍ത്തിയും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയും, മുത്തലാഖ് നിരോധിച്ചും സി.എ.എ നടപ്പാക്കിയും മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. അതൊന്നും വോട്ട് മുന്നില്‍ കണ്ടല്ല. അമ്മമാരുടേയും സഹോദരിമാരുടേയും സങ്കടം ഇല്ലാതാക്കുക എന്ന ഭാരതീയ സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് രാജ്യത്ത് മുത്തലാഖ് നിരോധിച്ചത്,’ അദ്ദേഹം പറഞ്ഞു. പങ്കാളിത്ത രീതിയില്‍ നൂറ് സൈനിക സ്‌കൂളുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അനുമതി നല്‍കുമെന്നും അജയ് ഭട്ട് കൂട്ടിച്ചേര്‍ത്തു.

Back to top button
error: