തൃശൂര്‍: ഗണേശമംഗലത്ത് റിട്ട. അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. നാട്ടുകാരനായ മണി എന്ന ജയരാജനാണ് പിടിയിലായത്. മതില് ചാടിക്കടന്ന് വീട്ടിലെത്തിയെന്നും, സ്വര്‍ണാഭരണം തട്ടിയെടുക്കാനായി പിടിവലിക്കിടെ അധ്യാപിക തലയിടിച്ച് വീണുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
എന്നാല്‍, തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു കൊലപാതകം. ഗണേശമംഗലം സ്വദേശിയായ വസന്ത (76) ആണ് കൊല്ലപ്പെട്ടത്. നിലവിളി കേട്ടാണ് അയല്‍വാസികള്‍ എത്തിയത്. എന്നാല്‍, പരിസരത്തുള്ള ഒരാള്‍ ആ സമയത്ത് ആ വീടിന്റെ മതില് ചാടി പോകുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷമായി അധ്യാപിക വീട്ടില്‍ തനിച്ചാണ് താമിസിച്ചിരുന്നത്. മൃതദേഹം വീടിന്റെ പുറകുവശത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ടീച്ചറുടെ ശരീരത്തില്‍ ഉണ്ടായിരുന്ന വളയും ചെയിനും നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘവുമെത്തിയിരുന്നു.