
മുംബൈ: 20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റര്‍പ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്.പി.ഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയില്‍ അദാനി ഗ്രൂപ്പ് നേരിടുന്ന വന്‍ തകര്‍ച്ചയ്ക്കിടെയാണ് നാടകീയ തീരുമാനം. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്.പി.ഒ പിന്‍വലിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ആദ്യ ദിവസങ്ങളില്‍ എഫ്.പി.ഒയ്ക്ക് തണുത്ത പ്രതികരണമായിരുന്നെങ്കിലും അവസാന ദിവസം അപേക്ഷ കുതിച്ചു. 4.5 കോടി ഓഹരികളാണ് എഫ്.പി.ഒയില്‍ വച്ചത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി. അതേസമയം, സാധാരണ (റീട്ടെയ്ല്‍) നിക്ഷേപകരും അദാനി ഗ്രൂപ്പിലെ ജീവനക്കാരും കാര്യമായി എഫ്.പി.ഒയില്‍ പങ്കെടുത്തില്ല. റീട്ടെയ്ല്‍ ക്വോട്ടയില്‍ 12% അപേക്ഷകള്‍ മാത്രം. ജീവനക്കാരുടെ ക്വോട്ടയില്‍ 55 ശതമാനവും. വന്‍കിട സ്ഥാപനങ്ങള്‍, അബുദാബി ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് പോലെയുള്ള നിലവിലെ ഓഹരിയുടമകള്‍ തുടങ്ങിയവയാണ് അപേക്ഷകരില്‍ ഏറെയും.
യു.എസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്കിടയിലാണ് അദാനി എന്റര്‍പ്രൈസസ് എഫ്.പി.ഒ നടത്തിയത്. ഫോര്‍ബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബര്‍ഗിന്റെ പട്ടികയില്‍ 11ാം സ്ഥാനത്താണ് അദാനിയിപ്പോള്‍.






