LIFETRENDING

മോഹൻലാൽ മദ്യപിക്കുന്നതൊക്കെ നമുക്ക് ഹീറോയിസമാണ്. പക്ഷെ ഉർവശി മദ്യപിച്ചാൽ വഴിതെറ്റിപോയി. ജസ്റ്റ്‌ മല്ലു തിങ്ങ്സ്‌ -ആർ ജെ സലിം

ആർ ജെ സലിം
ആർ ജെ സലിം

അഭിനയത്തിൽ മെച്വർ ആവണമെങ്കിൽ ഉർവ്വശിയെപ്പോലെ ആവണം.
ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിന്. അഭിനേതാവിന്റെ കാര്യമാണ് പറഞ്ഞത്. ആക്റ്റർ എന്നതിനേക്കാൾ സ്റ്റാർ എന്ന സ്വത്വം കൊണ്ട് നടക്കുന്നവർ പാല് പോലെയാണ്. ഇരിക്കുന്തോറും പുളിക്കും. ഉർവശി ഏറ്റവും വീര്യം കൂടിയ വീഞ്ഞാണ്. ഓരോ സിനിമ കഴിയുമ്പോഴും മൂല്യം ഇരട്ടിക്കുന്ന വീഞ്ഞ്.

സൂരരൈ പോട്രുയിലെ ഉർവശിയുടെ അമ്മ കഥാപാത്രം സത്യത്തിൽ കാഴ്ച്ചയിൽ ഉർവശിയോട് അത്രയധികം ചേർന്ന് നിൽക്കാത്തൊരു കഥാപാത്രമാണ്. പക്ഷെ അതിനെപ്പോലും ഈ അളവിൽ ചെയ്തു ഫലിപ്പിക്കണമെങ്കിൽ അത് ഉർവശിക്ക് മാത്രം പറ്റുന്ന കാര്യങ്ങളിൽ ഒന്നാണ്.

Signature-ad

“എതുക്കടാ വന്തേ ? ” എന്ന് വൈകി വന്ന സൂര്യയോടു ചോദിക്കുന്നുണ്ട് ഉർവശി. സിനിമയിലെ തന്നെ ട്രിഗറിങ് പോയിന്റാണ്. പ്ലോട്ട് മോട്ടിവേഷൻ മുഴുവൻ ഉള്ള രംഗം. ഈ രംഗത്തിന്റെ ആഴത്തിലാണ് സിനിമ മുഴുവൻ നിൽക്കുന്നത്. മാരൻ എന്തിനു ഇത്രയ്ക്ക് സഹിക്കണം എന്ന ലോജിക്കൽ ചോദ്യത്തിന്റെ ഉത്തരമുള്ളത് ഇവിടെയാണ്. അവിടെയാണ് നായകന്റെ ഒപ്പം ഉർവശി നിൽക്കുന്നത്.
ഒരുപക്ഷെ സൂര്യയുടെ ഏറ്റവും നല്ല പെർഫോമൻസിനെ ഉയർത്തി ഉയർത്തി കൊണ്ട് പോവുന്നത് തന്നെ ഉർവശിയുടെ ഈ കോമ്പ്ലിമെന്റിങ്ങാണ്.

“ഡേയ് ജയിച്ചിഡ്രാ..” എന്ന് ഉർവശി പറയുമ്പോ ആത്മാർത്ഥമായും കണ്ടിരിക്കുന്നവനും ഒന്ന് പിടഞ്ഞു പോവും. അച്ഛന്റെയും മകന്റെയും ഇടയ്ക്കുള്ള മനോഹരമായ ഒരു പാലമായി, അവരുടെ രണ്ടുപേരുടെയും ഇമോഷനുകളെ അപ്രോപ്രിയേറ്റ് ചെയ്തു, അവർക്കിടയിലെ ലോകമായി നിൽക്കുന്ന പേച്ചി.
ഉർവ്വശിയെപ്പറ്റി പണ്ട് പറഞ്ഞത് അതേപോലെ ആവർത്തിക്കുന്നു
========================

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയാര് ?
.
ദൂരെയൊന്നും പോകണ്ട. ഉർവശി തന്നെ. ആ ടൈറ്റിലിന് പിന്നീട് അർഹത കെപിഎസ്സി ലളിതയ്ക്കും ഉർവശിയുടെ തന്നെ ചേച്ചി കൽപ്പനയ്ക്കുമാണ്. കൽപ്പനയെ നമ്മൾ കണ്ടെത്തി തുടങ്ങിയപ്പോഴേക്കും അവർ നമ്മളെ വിട്ടുപിരിഞ്ഞതിൽപ്പരം നഷ്ടമില്ല മലയാള സിനിമാഭിനയത്തിന്. ഒരൊറ്റ സീൻ മതിയെന്നൊക്കെ പറയുന്നത് കൽപ്പനയെ പോലെയുള്ള അഭിനേതാക്കൾക്കാണ്. സുകുമാരി കുറച്ചധികം ഡ്രമാറ്റിക് ആണ് എങ്കിലും ഈ ലീഗിൽ പെടുന്ന നടി തന്നെയാണ്.

ആദ്യത്തെ ചോദ്യം കേട്ട് ശോഭന, മഞ്ജു വാരിയർ എന്നൊക്കെ മനസ്സിൽ തോന്നിയവരോട് ഒന്നും പറയാനില്ല. ഇപ്പൊ പിന്നെ പാർവതി എന്നുകൂടി കേൾക്കാം. പാർവതി എന്നെ സംബന്ധിച്ചു, താൻ ഇതാ അഭിനയിക്കുകയാണെ.. എന്ന് വിളിച്ചറിയിച്ചു അഭിനയിക്കുന്നൊരു നടിയായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു അനൂപ് മേനോൻ ലൈൻ.

പിന്നെ ശോഭന. സ്വന്തം ശബ്ദം പോലും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു വെറും ആവറേജ് നടിയാണ് ശോഭന. ഒരു മണിച്ചിത്രത്താഴല്ലാതെ എടുത്തു പറയാൻ കാര്യമായി ഒന്നുമില്ല ശോഭനയുടെ പെർഫോമൻസ് ലിസ്റ്റിൽ. അതിൽ തന്നെ രണ്ടു പേരുടെ ശബ്ദമാണ് വലിയൊരളവു വരെ അവരെ അതിനെ അത്രയും നന്നാക്കാൻ സഹായിച്ചത്. സൗന്ദര്യമാണ് ശോഭനയുടെ ഏറ്റവും വലിയ പ്ലസ്. അധികം പേരും അതിലങ്ങു മയങ്ങി ശോഭന ആരായിരുന്നു എന്നൊക്കെ നൊസ്റ്റി അടിച്ചു ചോദിക്കുന്നത് കാണാറുണ്ട് !! അല്ല ആരായിരുന്നു ? പ്രിയദർശന്റെ മോഹൻലാൽ ചിത്രങ്ങളിൽ ഇപ്പോഴും റീവാച്ച് ക്വാളിറ്റിയുള്ള രണ്ടു സിനിമകളിൽ തുടർച്ചയായി നായികയായതാണ് പിന്നീട് വന്ന ടീവി കാലഘട്ടത്തിൽ ശോഭനയുടെ വിസിബിലിറ്റി വർധിപ്പിച്ചത്. അതുകൊണ്ട് ആ പേര് ഇടയ്ക്കിടെ പറയപ്പെടുന്നു. അതിനപ്പുറം ഒന്നുമില്ല.
പിന്നെയുള്ളത് മഞ്ജു വാരിയർ. വ്യക്തിപരമായി മഞ്ജുവിന്റെ ഓഫ്‌സ്ക്രീൻ പേഴ്‌സോണ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ആളാണ്. അവരുടെ ഗ്രെയ്സും പ്രെസെൻസുമൊക്കെ ജസ്റ്റ് WOW ആണ്. ഒരു സംശയവുമില്ല. പക്ഷെ ചോദ്യം മികച്ച നടി ആരാണ് എന്നാകുമ്പോൾ അയാം ദി സോറി അളിയാ, മഞ്ജു എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. ഒരു ഫുൾ ഓൺ ഹാസ്യ വേഷം പോലും ചെയ്തിട്ടില്ലാത്ത ഒരു ഫിൽമോഗ്രഫിയാണ് മഞ്ജുവിന്റേത്.

ഉർവശി കൈ വെച്ച് മികച്ചതാക്കാത്ത അഭിനയ മേഖലകളില്ല. ഹ്യൂമർ ഇത്രയും വഴങ്ങുന്ന വേറെ നായിക എന്നല്ല നടി തന്നെയില്ല എന്ന് പറയണം. ടൈമിങ്ങൊക്കെ ഇമ്മാക്കുലേറ്റ്. പെൺ മോഹൻലാലെന്ന് വിളിച്ചാലും തെറ്റില്ല. അല്ലെങ്കിൽ മോഹൻലാൽ ഒരു ആൺ ഉർവശിയാണ് എന്ന് പറയാം. ജഗതി ഒരു ആൺ കൽപ്പനയും.

സന്ദർഭം പോലെ കോമിക്കലാകാനും (പഞ്ചതന്ത്രം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, യോദ്ധ) ഡ്രമാറ്റിക് ആകാനും (തലയിണ മന്ത്രം, പൊന്മുട്ടയിടുന്ന താറാവ്) റിയലിസ്റ്റിക് ആകാനും (ഗർഷോം, കഴകം) ഒരു അധിക പ്രയത്നവും ഉർവശിക്ക് വേണ്ട. സ്വന്തം ശബ്ദത്തിലും അല്ലാതെയും അവര്‍ക്കൊരു വ്യത്യാസവുമില്ല.
അച്ചുവിന്റെ അമ്മയിൽ, ഭാര്യയെ തല്ലുന്ന തമിഴനോട് തമിഴിൽ കയർത്ത ശേഷം പിന്നീട് പോലീസ് വരുമ്പോൾ ചെറുതായിട്ടൊന്നും ചമ്മി സ്ഥലം വിടുന്ന സീനിലെ ട്രാൻസ്ഫോർമേഷനൊക്കെ ടെക്സ്റ്റ്ബുക്കാണ്. മിഥുനത്തിൽ ഒരുപക്ഷെ ഏറ്റവും കൺട്രോൾഡ് ആക്റ്റിങ് ഉർവ്വശിയുടേതാവും. ഭർതൃ വീട്ടിലെത്തിയ ശേഷമുള്ള പെരുമാറ്റത്തിലെ മാറ്റമൊക്കെ എത്ര സട്ടിലാക്കാമോ അത്രയും സട്ടിലാണ്‌.
ഒരുപക്ഷെ ഉർവ്വശിയെപ്പോലെ നമ്മൾ വിട്ടുപോയ വേറൊരു പേരാണ് രേവതിയുടെയും. Another top notch actor
ഇടയ്ക്ക് ഉർവശിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടു നിറയെ വിവാദങ്ങൾ ഉണ്ടായി അവരുടെ ഇമേജിന് വലിയ കോട്ടം സംഭവിച്ചിരുന്നു. ഉർവശി ഒരു ആൾക്കഹോളിക്‌ ആണെന്ന് മനോജ് കെ ജയൻ ഒരുപാടു തവണ ആരോപിച്ചിട്ടുണ്ട്. അത് തന്നെ മതിയല്ലോ അവരുടെ ഇമേജ് നശിക്കാൻ. മോഹൻലാൽ മദ്യപിക്കുന്നതൊക്കെ നമുക്ക് ഹീറോയിസമാണ്. പക്ഷെ ഉർവശി മദ്യപിച്ചാൽ വഴിതെറ്റിപോയി. ജസ്റ്റ്‌ മല്ലു തിങ്ങ്സ്‌ !

But controversies are temporary. Class is permanent. And she’s sheer class !
ഉർവശിയുടെ തിരിച്ചുവരവ് പ്രേക്ഷകരും ഉർവശിയും ഒരേപോലെ അർഹിച്ചിരുന്നു, ആഗ്രഹിച്ചിരുന്നു.

Back to top button
error: