IndiaNEWS

സമൂഹത്തിൻറെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ്; കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് യൂസഫലി

ദില്ലി: ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത്. സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് യൂസഫലി അഭിപ്രായപ്പെട്ടത്. രണ്ട് കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് എം എ യൂസഫലിയുടെ അഭിപ്രായം.

അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കൾ ബജറ്റിനെ രൂക്ഷമായി വിമ‍ർശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എയിംസ്, റെയില്‍ വികസനം എന്നിവ ഇല്ലാത്തത് നിരാശാജനകമാണെന്നും ഫെഡറല്‍ സാമ്പത്തിക തത്വങ്ങള്‍ കേന്ദ്രം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്.

Signature-ad

പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളതെന്നും സതീശൻ വിവരിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികള്‍ക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച് ദയാവധം നടത്തിയെന്നാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത് എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

Back to top button
error: