ജയ്പുർ: അജ്മീർ തീർത്ഥാടന കേന്ദ്രത്തിൽ ചേരി തിരഞ്ഞ് ഏറ്റുമുട്ടി തീർത്ഥാടകര്‍. ഇന്നലെ വൈകീട്ടാണ് സംഭവം. രണ്ട് വിഭാഗത്തിൽപ്പെട്ട ആളുകൾ തമ്മിലുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കയ്യാങ്കളിയിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സൂഫി സന്യാസിയായ ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ദർഗയിൽ അദ്ദേഹത്തിന്റെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ ബറേൽവി വിഭാഗത്തിൽപ്പെട്ട ഒരു സംഘം ബറേൽവി അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇതോടെ മുദ്രാവാക്യം വിളികളിൽ രോഷാകുലരായ ദർഗയിൽ ഉണ്ടായിരുന്ന അജ്മീർ വിഭാഗത്തിൽപ്പെട്ടവരും ബറേൽവി വിഭാഗത്തിൽപ്പെട്ടവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തി ദർഗയ്ക്കുള്ളിൽ ഇരു വിഭാഗങ്ങളിലെയും അംഗങ്ങൾ ഏറ്റുമുട്ടി.
ദർഗയിലെ നടത്തിപ്പുകാരും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് സംഘർഷം നിയന്ത്രിക്കുകയായിരുന്നു. ബറേൽവി വിഭാഗത്തിനായി മുദ്രാവാക്യം മുഴക്കിയവർ കൈയാങ്കളിക്കിടെ രക്ഷപ്പെട്ടു. ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.