KeralaNEWS

രണ്ടുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് ബൈക്ക് റേസിങ് അല്ല, അമിത വേഗമെന്ന വാദവുമായി മോട്ടോർവാഹന വകുപ്പ്

തിരുവനന്തപുരം: കോവളത്ത് രണ്ടുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് റേസിങ് അല്ലെന്ന വാദവുമായി മോട്ടോർവാഹന വകുപ്പ്. അമിത വേ​ഗതയാണ് അപകടമുണ്ടാക്കിയത് എന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്റെ വേ​ഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാർ ആരോപിക്കുന്നതുപോലെ റേസിങ്ങിന് തെളിവ് ഇല്ല. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതും അപകടകാരണമായി എന്ന് മോട്ടോർവാഹനവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

അമിതവേ​ഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്നലെ രാവിലെ 7.45-ഓടെ കോവളം-തിരുവല്ലം ബൈപ്പാസിൽ പാച്ചല്ലൂർ തോപ്പടി ഭാഗത്തായിരുന്നു അപകടം. പനത്തുറ തുരുത്തിക്കോളനി വീട്ടിൽ എൽ. സന്ധ്യ(53), ബൈക്ക് ഓടിച്ചിരുന്ന പട്ടം പൊട്ടക്കുഴിയിൽ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്. അരവിന്ദ് ഇൻസ്റ്റ​ഗ്രാം റീൽസ് എടുത്ത് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. സന്ധ്യയുടെ ഇടതുകാൽ മുറിഞ്ഞുമാറി റോഡിൽ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടിൽ മൃതദേഹം കിടന്നിരുന്നത്. വീട്ടുജോലിക്കു പോകുന്നതിനാണ് സന്ധ്യ രാവിലെ വീട്ടിൽനിന്നിറങ്ങിയത്.

Signature-ad

10 ലക്ഷത്തിലേറെ വിലയുള്ള ആയിരം സിസിയുടെ സ്പോർട്സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നത്. ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ ബൈക്ക് മുക്കാൽ കിലോമീറ്റർ അകലെ റോഡിലൂടെ നിരങ്ങിനീങ്ങിയാണ് ഓടയിൽ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

Back to top button
error: