ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹര്‍ജികളില്‍ സുപ്രീം കോടതി അടുത്ത മാസം ആറിന് വാദം കേള്‍ക്കും. തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരെ അറിയിച്ചു.
ഇന്ത്യ- ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടി ചോദ്യം ചെയ്താണ് ഹര്‍ജികള്‍. അഭിഭാഷകനായ എംഎല്‍ ശര്‍മയാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്. തുടർന്ന് ഇക്കാര്യം ചീഫ് ജസ്റ്റിസിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു. എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും ഇതേ വിഷയത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഐടി ചട്ടത്തിലെ പ്രത്യേ അധികാരം പ്രയോഗിച്ചാണ് ഡോക്യുമെന്ററിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹര്‍ജി മെന്‍ഷന്‍ ചെയ്ത സീനിയര്‍ അഭിഭാഷകന്‍ സിയു സിങ് പറഞ്ഞു. എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ, ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്തതായും സിങ് അറിയിച്ചു. ഡോക്യുമെന്ററി വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിലക്ക് ലംഘിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം രാജ്യത്തു പലയിടത്തും തുടരുകയാണ്.