CrimeNEWS

ജര്‍മ്മനിയില്‍ നഴ്‌സിംഗ് പഠനത്തിന് വിസ വാഗ്ദാനം ചെയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

തൃശൂർ: ജര്‍മ്മനിയില്‍ നഴ്‌സിംഗ് പഠനത്തിന് വിസ വാഗ്ദാനം ചെയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി മേലൂര്‍ കരുവാപ്പടി സ്വദേശി നന്ദീവരം വീട്ടില്‍ അരുണിന്റെ മകന്‍ ഋഷികേശ്(29) അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തില്‍ നിന്നും അര്‍മേനിയയിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്.

തട്ടിപ്പു നടത്തി വിദേശത്തും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മറ്റും ഒളിവില്‍ കഴിഞ്ഞു വരവെ കോടതി ഇയാള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇയാള്‍ക്കെതിരേ പോലിസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഇയാളെ പിടികൂടി കൊരട്ടി പോലീസിന് കൈമാറുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ അമ്മയുമായ ഉഷാവര്‍മ ഒളിവിലാണ്.

Signature-ad

കൊരട്ടി സ്വദേശിനിയായ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ കണ്ണികളിലൊരാളായ കൂത്താട്ടുകളം തിരുമാറാടി ദേശത്ത് ഗ്രേസി മത്തായി (52)യെ ഒരു വര്‍ഷം മുമ്പ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ ഇയാള്‍ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ് തട്ടിപ്പു നടത്തുന്നതെന്നാണ് വിവരം. പണമിടപാടുകള്‍ മുഴുവനും ബാങ്ക് മുഖേനയാണ് നടത്തിയിരിക്കുന്നത്.

ഓഫറിംഗ് ലെറ്റര്‍, ഡോക്യുമെന്റേഷന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ പറഞ്ഞാണ് കേസിലെ മുഖ്യപ്രതികളായ റിഷികേശും ഉഷവര്‍മ്മയും ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം അടപ്പിച്ചത്. ലെറ്ററുകളും രേഖകളും ജര്‍മ്മനിയിലെ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഉള്ളതാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്നതിലേക്കും വിസ ഇന്റര്‍വ്യുവിനുമാണ് തുകയില്‍ ഒരു പങ്ക് ഇവരുടെ നിര്‍ദേശാനുസരണം കേസിലെ മൂന്നാം പ്രതി ഗ്രേസി മത്തായി വാങ്ങിയത്. മുഖ്യപ്രതികളായ റിഷികേശിന്റെയും അമ്മ ഉഷവര്‍മയുടെയും സൗമ്യമായ പെരുമാറ്റവും വാക്ചാതുര്യവും വിശ്വാസം നേടിയെടുക്കാനുള്ള കഴിവുമാണ് കെണികളില്‍ പെടാന്‍ കാരണമാകുന്നതത്രേ. തട്ടിപ്പിലൂടെ കണ്ടെത്തുന്നതു തുക ആര്‍ഭാട ജീവിതത്തിനാണ് വിനിയോഗിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

വിസക്കായുള്ള കാത്തിരിപ്പ് വര്‍ഷങ്ങളോളം നീളുമ്പോള്‍ വാങ്ങിയ പണം തിരിച്ചു തരാന്‍ ആവശ്യപ്പെട്ടാല്‍ ഓരോ അവധികള്‍ പറഞ്ഞ് നീട്ടികൊണ്ടു പോകുന്നതാണ് ഈ തട്ടിപ്പു സംഘത്തിന്റെ രീതി. വിദേശത്ത് ജോലി ചെയ്യുന്ന പ്രതിയുടെ പിതാവും അമ്മാവനും പണം തിരിച്ചു തരാന്‍ സന്നദ്ധത അറിയിച്ച് രംഗത്തുവരികയും ബാങ്ക് ലോണ്‍ എടുക്കാനുള്ള സാവകാശം ചോദിച്ച് നീട്ടിക്കൊണ്ടു പോകും. ഇതിനിടെ രണ്ടാം പ്രതിയായ ഉഷവര്‍മ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമുണ്ടായി. എന്നാല്‍ ഉപാധികളോടെ ഹൈക്കോടതി അനുവദിച്ച ജാമ്യം ലംഘിച്ച് ഇവര്‍ മുങ്ങുകയായിരുന്നു.

ചാലക്കുടി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഹാജരാകുവാന്‍ പ്രതികള്‍ കൂട്ടാക്കാറില്ല. ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടും നിലനില്‍ക്കുന്നുണ്ട്. ഋഷികേശും അമ്മ ഉഷവര്‍മ്മയും നിരവധി ആളുകളുടെ കൈയില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി ലഭിച്ചിട്ടുള്ളതായി കൊരട്ടി സി.ഐ ബി.കെ.അരുണ്‍ പറഞ്ഞു. ചാലക്കുടി സ്‌റ്റേഷനിലും മറ്റും ഇവര്‍ക്കെതിരെ കേസുകളുണ്ട്. മുംബൈയില്‍ നിന്നും കൊരട്ടി സ്‌റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: