KeralaNEWS

സർക്കാരിനോടു സഹകരിക്കണം, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ സമരം പിന്‍വലിക്കണമെന്നു മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയ്ക്ക് മുന്നില്‍ സമരം നടത്തുന്ന സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ സമരം പിന്‍വലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കല / കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നീ മേഖലകളില്‍ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സേവനം ആരംഭിച്ചത് 2016-17 കാലഘട്ടം മുതലാണ്. സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. ഇതംഗീകരിച്ച് സമരം പിൻവലിക്കമെന്നു മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് ഇവര്‍ക്ക് ഹോണറേറിയം നല്‍കി വരുന്നത്. 60:40 അനുപാതത്തില്‍ നല്‍കിക്കൊണ്ടിരുന്ന തുക കേന്ദ്രഗവണ്‍മെന്റ് വെട്ടിക്കുറയ്ക്കുകയും കേന്ദ്ര വിഹിതമായി 7000 രൂപയും ജോലി ആഴ്ചയില്‍ 3 ദിവസമാക്കി നിശ്ചയിക്കുകയും ചെയ്തു. സംസ്ഥാന വിഹിതമായ 3000 രൂപ ഉള്‍പ്പെടെ 10,000 രൂപ ഇപ്പോള്‍ നല്‍കി വരികയാണ്. പൊതുവിദ്യാഭ്യാസ മന്ത്രി രണ്ട് പ്രാവശ്യം സമരം നടത്തുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കുകയുണ്ടായി. ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ എന്നിവരും പങ്കെടുത്തിരുന്നു.

Signature-ad

കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചില്ലെങ്കിലും 10,000 രൂപ എന്നത് 12,000 രൂപയായി വര്‍ദ്ധിപ്പിക്കാമെന്നും, വര്‍ദ്ധന 2022 സെപ്തംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുത്തി 4 മാസത്തെ കുടിശ്ശികയും നല്‍കാമെന്നും മന്ത്രി ഉറപ്പുനല്‍കി. തൊട്ടടുത്തുള്ള ബി.ആര്‍.സി.കളില്‍ പോസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും അംഗീകരിക്കും എന്ന് പറഞ്ഞു. ഫുള്‍ ടൈം ആക്കുന്നതും അതിനനുസരിച്ചുളള ഹോണറേറിയം വര്‍ദ്ധിപ്പിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ നിന്നും സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ പിന്തിരിയണമെന്നും സംസ്ഥാന ഗവണ്മെന്റിന്റെ പരിമിതി മനസ്സിലാക്കി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു

Back to top button
error: