കാസര്‍കോട്: 17 കാരിയെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച പ്രതി വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും രാത്രി ഇറങ്ങിയോടി. വിലങ്ങുമായി ഓടുന്ന പ്രതിയെ വഴിയില്‍ തടഞ്ഞ് മല്‍പിടുത്തത്തിലൂടെ കീഴടക്കി പൊലീസിനെ ഏല്‍പിച്ചത് ന്യൂസ് ചാനൽ ക്യാമറാമാന്‍ സുനില്‍ കുമാര്‍.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഷാഫി (28) ആണ് ആശുപത്രിയില്‍ നിന്നും വിലങ്ങുമായി ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായത്. 2022 സെപ്റ്റംബര്‍ മാസത്തില്‍ ഷാഫി 17 കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. ശനിയാഴ്ച പെണ്‍കുട്ടിയെ താമസിപ്പിച്ച കര്‍ണാടയിലെ രഹസ്യ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചെത്തിയ വിദ്യാനഗര്‍ പൊലീസ് പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു.
തുടർന്ന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് മാസങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കിയ കാര്യം വ്യക്തമായത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പിന്നീട് ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ട് ഓടിയത്. പരിശോധിക്കാനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു കൈയിലെ വിലങ്ങ് ഊരിമാറ്റിയപ്പോഴാണ് മൂന്ന് പൊലീസുകാരെ തള്ളിമാറ്റി ഷാഫി പുറത്തേത്തേക്കോടിയത്.
ഈ സമയത്ത് ജനറല്‍ ആശുപത്രിയിലെത്തിയ സുനിൽ കുമാർ പ്രതി വിലങ്ങുമായി പുറത്തേക്ക് ഓടി വരുന്നത് കാണാനിടയായി.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ പിറകെ ഓടുന്നത് കണ്ട് യുവാവിനെ തടഞ്ഞ് പിടി കൂടുകയായിരുന്നു സുനില്‍. ഷാഫി കുതറി മാറി മുന്നോട്ട് ഓടിയെങ്കിലും ഗേറ്റ് കടന്ന് മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ പിറകെ ഓടി വീണ്ടും പിടികൂടി.
പിന്തുടര്‍ന്നുവന്ന മൂന്ന് പൊലീസുകാര്‍ പ്രതിയെ വിലങ്ങു വെച്ചു ജീപ്പില്‍ കയറ്റാന്‍ നോക്കിയെങ്കിലും ബലം പിടിച്ചു നിന്ന ഷാഫിയെ സുനില്‍ തന്നെയാണ് ജീപ്പില്‍ തളളികയറ്റിയത്.