IndiaNEWS

വന്ദേ ഭാരതിലെ ചപ്പുചവറുകള്‍; വീഡിയോ വൈറലായതോടെ പുതിയ വീഡിയോയുമായി റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളിലെ ശുചീകരണരീതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദ്ദേശം. വിമാനങ്ങളിലേതിന് സമാനമായ ശുചീകരണരീതി നടപ്പാക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. വന്ദേ ഭാരത് ട്രെയിനുകളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായിക്കിടക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നതോടെയാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

ഇതിന് പിന്നാലെ ശുചീകരണ രീതി പരിഷ്‌കരിച്ചുവെന്ന് അവകാശപ്പെട്ട് മന്ത്രി വീഡിയോ പങ്കുവെച്ചു. പരിഷ്‌കരണത്തിന് യാത്രക്കാരുടെ സഹകരണമുണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പുതിയ രീതി പ്രകാരം മാലിന്യം സ്വീകരിക്കാന്‍ ജീവനക്കാര്‍ യാത്രക്കാരുടെ സീറ്റിനരികില്‍ എത്തും.

Signature-ad

വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ചവറുകള്‍ അലക്ഷ്യമായി കിടക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ആളുകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ടകള്‍ ഉപയോഗിക്കണമെന്നും ട്രെയിനുകള്‍ ശുചിയായി സൂക്ഷിക്കണമെന്നും റെയില്‍വേയും യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ തുടങ്ങിയവ ട്രെയിനിനുള്ളില്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒരു ശുചീകരണ തൊഴിലാളി വൃത്തിയാക്കാന്‍ ശ്രമിക്കുന്നതും കാണാം. ജനം അടിസ്ഥാന പൗരബോധം വളര്‍ത്തിയെടുക്കുന്നത് വരെ വികസനം കൊണ്ട് പ്രയോജനമില്ലെന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കുറിച്ചത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ജനം ആവശ്യപ്പെടുന്നു, പക്ഷേ നമ്മുടെ രാജ്യത്തെ ആളുകള്‍ക്ക് ഇത് എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നും പരിപാലിക്കണമെന്നും അറിയില്ലെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ റെയില്‍ സംവിധാനത്തിന്റെ മുഖച്ഛായ മാറ്റുന്ന സംവിധാനങ്ങളുമായിട്ടാണ് വന്ദേ ഭാരത് അവതരിപ്പിച്ചത്. പത്തില്‍ താഴെ വന്ദേ ഭാരത് ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. വരുന്ന ബഡ്ജറ്റില്‍ 400 ഓളം വന്ദേ ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നും കരുതുന്നു.

Back to top button
error: