CrimeNEWS

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു; പോക്‌സോ കേസുകളില്‍ മുന്നില്‍ മലപ്പുറം

തിരുവനന്തപുരം: നിയമം കര്‍ശനമാക്കുമ്പോഴും സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 2022 നവംബര്‍ മാസം വരെ കേരള പോലിസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 4215 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയ 2016 മുതലുള്ള കണക്കുകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷമാണ് 2022. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 2021-3559, 2020-3056, 2019-3640, 2018-3181, 2017-2704 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പോക്‌സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഈ വര്‍ഷം 508 കേസുകളാണു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2021 ല്‍ 260, 2020 ല്‍ 387, 2019 ല്‍ 448, 2018 ല്‍ 410, 2017 ല്‍ 220, 2016 ല്‍ 244 എന്നിങ്ങനെയാണ് മലപ്പുറത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. കണ്ണൂരില്‍ റൂറല്‍, സിറ്റി സ്റ്റേഷനുകളിലായി 201 കേസുകളും കാസര്‍ഗോട് 227 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റുള്ള ജില്ലകളില്‍ വര്‍ഷംതോറും കൂടിയും കുറഞ്ഞും കേസുകളുണ്ട്.

Signature-ad

തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിലും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. പാലക്കാട് ജില്ലയില്‍ 249 (2022), 256 (2021), 254 (202) തിരുവനന്തപുരം റൂറലില്‍ 342 (2022), 319 (2021), 249 (2021) എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍. വീടുകളിലും വിദ്യാലയങ്ങളിലും നിന്നുമാണു കുട്ടികള്‍ ഏറെയും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതെന്നാണ് പരാതികള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ കൂടുതലും പെണ്‍കുട്ടികളാണ് ഇരയാക്കപ്പെടുന്നത്. പിതാവില്‍ നിന്നും അടുത്ത ബന്ധുവില്‍ നിന്നും വരെ ഇത്തരത്തില്‍ പീഡനം ഉണ്ടാവുന്നുണ്ട്. പല കുട്ടികളും ഇതു പുറത്തുപറയുന്നത് സ്‌കൂളുകളില്‍ നല്‍കുന്ന കൗണ്‍സലിങ് ക്ലാസുകളിലാണ്.

പ്രതികളാകുന്നവരില്‍ അധ്യാപകരും ബന്ധുക്കളും തന്നെയാണ് കൂടുതല്‍. വീട്ടകങ്ങളില്‍ കുട്ടികള്‍ സുരക്ഷിതമല്ലെന്നു വ്യക്തമാക്കുന്നതാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കഞ്ചാവും മയക്കുമരുന്നും നല്‍കി പീഡനത്തിന് ഇരയാക്കുന്നതും കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളും പദ്ധതികളും ബോധവല്‍ക്കരണ പരിപാടികളും സംസ്ഥാനത്ത് ശക്തമായി നടപ്പിലാക്കുമ്പോഴും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകപീഡന കേസുകള്‍ വര്‍ഷംതോറും കൂടുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.

 

Back to top button
error: