കണ്ണൂര്‍: യൂട്യൂബില്‍ നിന്നും തന്ത്രങ്ങള്‍ പഠിച്ച് വീടുകുത്തിതുറന്ന് സ്വര്‍ണവും പണവും അപഹരിച്ച പത്താം ക്ലാസുകാരന്‍ പോലീസ് പിടിയിലായി. പ്രദേശത്തെ സി.സി. ടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് പോലീസ് കുട്ടിമോഷ്ടാവിനെ തിരിച്ചറിഞ്ഞത്. മാസ്‌കണിഞ്ഞെത്തിയ കുട്ടിമോഷ്ടാവ് പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 87,200 രൂപയും രണ്ടര പവന്റെ സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്. പത്താം ക്‌ളാസുകാരനെ ശ്രീകണ്ഠാപുരം സി.ഐ. ഇ.പി സുരേശനും എസ്.ഐ. രഘുനാഥും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.
യൂട്യൂബിനും മൊബൈല്‍ ഗെയിമിനും കുട്ടി അടിമയാണെന്നാണ് പോലീസ് പറയുന്നത്. കവര്‍ച്ചയ്ക്കു ശേഷം കോഴിക്കോട്ടേക്ക് പോകുന്നതായി പറഞ്ഞ് കുട്ടി സ്ഥലം വിടുകയായിരുന്നു. എന്നാല്‍ എറണാകുളം, കോട്ടയം പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥി കറങ്ങിനടക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മോഷ്ടിച്ച സ്വര്‍ണം വിറ്റു കുറച്ചു പണം ചെലവഴിച്ചുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചതോടെ ഭയന്നു പോയ താന്‍ ബാക്കി പണവും താലിമലയും കോട്ടയം വൈക്കം റോഡില്‍ ഉപേക്ഷിച്ചുവെന്നാണ് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കിയിട്ടുളളത്. വിദ്യാര്‍ത്ഥിയുടെ കൂടെ കവര്‍ച്ചയ്ക്കു മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
സീനിയര്‍ സിപിഒമാരായ കെ സജീവന്‍, സി വി രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജുവനൈല്‍ കോടതിയുടെ ചുമതല വഹിക്കുന്ന തലശേരി പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് വെളളിമാടുകുന്ന് ചില്‍ഡ്രസ് ഹോമിലേക്ക് മാറ്റി.