IndiaNEWS

ത്രിപുരയില്‍ ഓപ്പറേഷന്‍ താമരയെന്നു സംശയം; ഐ.പി.എഫ്.ടി. നേതാക്കളെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്ന് പ്രദ്യുത് ദേബ് ബര്‍മന്‍

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ ഓപ്പറേഷന്‍ താമരയെന്ന് ആരോപിച്ച് തിപ്ര മോത പാര്‍ട്ടി നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍. ലയന ചര്‍ച്ചകള്‍ക്കു തുടക്കമിട്ട ഐ.പി.എഫ്.ടി. നേതാക്കളുമായി ഫോണില്‍ ബന്ധപ്പെടാനാകുന്നില്ലെന്നും ബി.ജെ.പി. ”പണി” തുടങ്ങിയതായാണു സൂചനയെന്നും പ്രദ്യുത് പറഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ഐ.പി.എഫ്.ടിയുമായി തിപ്ര മോത പാര്‍ട്ടി ലയനച്ചര്‍ച്ച ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രദ്യുതിന്റെ വെളിപ്പെടുത്തല്‍.

രാവിലെ 11 മുതല്‍ ഐ.പി.എഫ്.ടിയുടെ ഒരു നേതാവിനെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ആരും വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും ത്രിപുര രാജകുടുംബാംഗം കൂടിയായ പ്രദ്യുത് ദേബ് ബര്‍മന്‍ പറഞ്ഞു. ത്രിപുരയില്‍ ഓപ്പറേഷന്‍ താമര തുടങ്ങിയതായാണു തോന്നുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഐ.പി.എഫ്.ടി. വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായി പ്രേം കുമാര്‍ റിയാങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും തിപ്ര മോത പാര്‍ട്ടി നേതാക്കളും തമ്മില്‍ കഴിഞ്ഞ 21-ന് ഗുവാഹത്തിയില്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. പ്രത്യേക സംസ്ഥാനമെന്ന ഗോത്രവര്‍ഗക്കാരുടെ ആവശ്യത്തിന് ഭരണഘടനാപരമായ പരിഹാരം തേടിയാണ് ഇരുപാര്‍ട്ടികളും പോരാടുന്നതെന്നും അതിനാല്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ലയിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രദ്യുത് ദേബ് ബര്‍മന്‍ ഐ.പി.എഫ്.ടി. നേതൃത്വത്തിനു കത്തു നല്‍കുകയും ചെയ്തിരുന്നു.

Signature-ad

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഐ.പി.എഫ്.ടി. നേതാക്കളുടെ നിലപാട് മാറ്റമെന്നാണു സൂചന. തിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനമാണ് തിപ്ര മോദ പാര്‍ട്ടിയും ഐ.പി.എഫ്.ടിയും ഉന്നയിക്കുന്ന ആവശ്യം. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 36 സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയും ഐ.പി.എഫ്.ടി. എട്ട് സീറ്റുകള്‍ നേടുകയും ചെയ്തു.

Back to top button
error: