സ്തനകാന്തിക്കും ഉത്തേജക ശക്തി ലഭിക്കാനും വെളുത്തുള്ളി ഉത്തമം
ഡോ. വേണു തോന്നക്കൽ
വെളുത്തുള്ളിയുടെ രുചി അറിയാത്തവർ ചുരുക്കമായിരിക്കും. രക്തശുദ്ധിക്കും ശരീരശുദ്ധിക്കും ഏറ്റവും ഫലപ്രദമാണിത്. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള വെള്ളത്തിലൂടെ കഴിവ് പ്രസിദ്ധമാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ വർദ്ധിച്ച കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ശ്വാസകോശ രോഗങ്ങൾക്കും വെളുത്തുള്ളി മികച്ച ഫലം തരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആസ്മ രോഗികൾ വെളുത്തുള്ളി ഇട്ട് പാൽ കുടിക്കുക. ഇത് അമിതവണ്ണത്തിനും നല്ലതാണ്. ജലദോഷം മൂക്കൊലിപ്പ് തുമ്മൽ എന്നിവയുള്ളപ്പോൾ വെളുത്തുള്ളി ചതച്ച് ഒരു കഷണം പഞ്ഞിയിലോ കർച്ചീഫിലോ എടുക്കുക. എന്നിട്ട് ഇടയ്ക്കിടെ മൂക്കിൽ പിടിക്കുക. ശമനം കിട്ടുമെന്ന് തീർച്ച. യാത്രകളിലും ഇത് പരീക്ഷിക്കാം.
തിളപ്പിച്ച വെള്ളത്തിൽ വെളുത്തുള്ളി ഇട്ട് ആവി പിടിക്കുന്നത് ജലദോഷം, ചുമ, ക്ഷയം, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്ക് ശമനം കിട്ടാൻ ഉത്തമമാണ്. ആമാശയ രോഗങ്ങൾക്കും ബഹു കേമനാണ് വെളുത്തുള്ളി. ഇതിനായി വെളുത്തുള്ളിയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഔഷധങ്ങൾ കമ്പോളത്തിൽ ലഭ്യമാണ്. ഗ്യാസ്ട്രബിൾ, വയറുവേദന, ദഹന കുറവ്, ഉദരക്രമി എന്നീ ശല്യമുള്ളവർക്ക് വെളുത്തുള്ളി നിത്യാഹാരത്തിന്റെ ഭാഗമാക്കുകയോ അത് പ്രത്യേകം കഴിക്കുകയോ ചെയ്യുക.
സ്ത്രീസൗന്ദര്യം നിലനിർത്താൻ ഒരു വിശിഷ്ട ഔഷധമായി വെളുത്തുള്ളിയെ കണക്കാക്കുന്നു. സ്തനങ്ങളുടെ ആകൃതി, ആരോഗ്യം, വലിപ്പം, സ്തനകാന്തി എന്നിവ നിലനിർത്താനായി സ്ത്രീകൾ കൃത്യമായും വെളുത്തുള്ളി സേവിക്കേണ്ടതാണ്. അങ്കലാവണ്യം കാത്തുസൂക്ഷിക്കാൻ ഇതുപോലൊന്ന് അപൂർവ്വം. ഇത് തലമുടി കൊഴിച്ചിൽ ഇല്ലാതാക്കുകയും ആർത്തവം ക്രമീകരിക്കുകയും മുലപ്പാൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രസവാനന്തരം ഗർഭാശയം പൂർവ്വസ്ഥിതിയിലാവാൻ വെളുത്തുള്ളി സഹായിക്കുന്നു. ഉത്തേജക ശക്തി ഉള്ളതിനാൽ പുരുഷന്മാരുടെ ശക്തി ക്ഷയത്തിനും പ്രയോജനകരമാണ് വെളുത്തുള്ളി.