CrimeNEWS

കഞ്ചാവ് വില്‍പന പോലീസിലറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ക്കയറി ആക്രമണം; പ്രതി പിടിയില്‍

തിരുവനന്തപുരം: കഞ്ചാവ് വില്പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയ പ്ലസ് ടു വിദ്യാര്‍ഥിനിക്കും അമ്മയ്ക്കും മര്‍ദനമേറ്റ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. കൊപ്പം കരിഞ്ഞാകോണം മഞ്ചുഭവനില്‍ താമസിക്കുന്ന മുരുകന്‍ (38), ഇയാളുടെ ഭാര്യയുടെ സഹോദരി മായ (28) എന്നിവരാണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. പിരപ്പന്‍കോട്ട് താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് സ്‌കൂളില്‍ ലഹരിക്കെതിരേ നടന്ന ക്ലാസില്‍ പറഞ്ഞതിനനുസരിച്ചു അയല്‍വാസിയായ കഞ്ചാവ് വില്പനക്കാരന്റെ വിവരം പോലീസിന് രഹസ്യമായി കൈമാറിയത്.

പോലീസ് മുരുകനെ സ്റ്റേഷനില്‍ എത്തിച്ചശേഷം വിട്ടയച്ചു. പോലീസ് സ്റ്റേഷനില്‍നിന്ന് ഈ പെണ്‍കുട്ടിയാണ് വിവരം കൈമാറിയതെന്ന് അറിഞ്ഞു വീട്ടിലെത്തിയ പ്രതി ഇവരെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തതല്ലാതെ മറ്റു നടപടികളെടുത്തില്ല. സംഭവം വാര്‍ത്തയായതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിടുകയും വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തിനു ശേഷം ഫോണ്‍ ഓഫ് ചെയ്ത് കിളിമാനൂര്‍ നഗരൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന മുരുകനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വെഞ്ഞാറമൂട് എസ്.എച്ച്.ഒ. അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

Back to top button
error: