KeralaLIFEMovieNEWS

‘പ്രസാദ്’ വട്ടം കറക്കിയ ‘എസ് ഐ’ ഇനി ഡിവൈ.എസ്.പി, സിനിമയിലല്ല ജീവിതത്തിൽ; സിബി തോമസിന് സ്ഥാനക്കയറ്റം

കാസര്‍ഗോഡ്: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരുന്ന സിബി തോമസിന് വയനാട് വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

കോളജ് പഠനകാലത്ത് നാടകങ്ങളില്‍ തിളങ്ങിയ സിബി തോമസ് ദീലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. സിബി തോമസ് എഴുതിയ ‘കുറ്റസമ്മതം’ എന്ന നോവലിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Signature-ad

കാസര്‍കോട് ചുള്ളി സ്വദേശിയായ സിബി തോമസ്, ലീല തോമസ്- എ എം തോമസ് ദമ്പതികളുടെ മകനാണ്. രസതന്ത്രത്തില്‍ ബിരുദധാരിയാണ്. പൂനെ സിനിമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫിയില്‍ പഠിക്കാന്‍ അവസരം കിട്ടിയെങ്കിലും തുടര്‍ന്ന് പഠിക്കാനായില്ല. തുടര്‍ന്ന് പരീക്ഷയെഴുതി പൊലീസില്‍ ചേര്‍ന്നു. കൊച്ചി പാലാരിവട്ടം, കാസർഗോഡ് ആദൂര്‍ സ്റ്റേഷനുകളില്‍ സിഐ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജോളി എലിസബത്ത്, മക്കള്‍: ഹെലന്‍, കരോളിന്‍, എഡ്വിന്‍.

 

Back to top button
error: