KeralaNEWS

ശബരിമലയിൽ എണ്ണിത്തീരാതെ ‘നാണയമല’; യന്ത്രസഹായം ആവശ്യപ്പെട്ട് ജീവനക്കാർ ഹൈക്കോടതിയിൽ

പത്തനംതിട്ട: ശബരിമലയില്‍ നാണയമെണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിൽ. രണ്ടുമാസം എണ്ണിയാലും തീരാത്തത്ര നാണയമാണ് ശബരിമലയില്‍ കുന്നുകൂടിയിരിക്കുന്നത്. ഇത് എണ്ണാൻ യന്ത്രസഹായം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കോവിഡ് കാലത്തിനു ശേഷമെത്തിയ തീര്‍ഥാടനകാലത്ത് കാണിക്ക നിറഞ്ഞു കവിഞ്ഞു. ജീവനക്കാര്‍ എണ്ണിയിട്ടും തീരുന്നില്ല. ജീവനക്കാര്‍ക്ക് അവധി കിട്ടുന്ന കാര്യം സംശയമാണ്. ജനുവരി 25ന് മുന്‍പ് എണ്ണിത്തീര്‍ക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. നോട്ടും നാണയവുമായി ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിയത്. നാണയങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗം ഇനിയും എണ്ണാൻ ബാക്കിയാണ്. ഇത് 20 കോടിക്കടുത്ത് വരുമെന്നാണ് നിഗമനം. അതിനാലാണ് യന്ത്രസഹായം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്.

2017ല്‍ കരാറെടുത്ത ബാങ്ക് യന്ത്രം സ്ഥാപിച്ച് നാണയം എണ്ണിയിരുന്നു. ചെന്നൈയില്‍ ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തേ റോബട്ടിക്സ് സംവിധാനം ആലോചിച്ചെങ്കിലും നടപടി നീങ്ങിയിട്ടില്ല. മറ്റു ക്ഷേത്രങ്ങളില്‍നിന്ന് ഡപ്യൂട്ടേഷനിലാണ് ജീവനക്കാര്‍ സന്നിധാനത്തെത്തുന്നത്. ജീവനക്കാരുടെ കുറവ് മറ്റ് ദേവസ്വങ്ങളെയും ബാധിച്ചിട്ടുണ്ട്.

Back to top button
error: