CrimeNEWS

ഏറ്റുമാനൂരില്‍ വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

ഏറ്റുമാനൂര്‍: വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിന്‍റെ മരണം കൊലപാതകമെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബം. കോട്ടയം വയലാ സ്വദേശി അരവിന്ദിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അരവിന്ദിന്‍റെ തലയിലും ശരീരത്തിലും കണ്ട മുറിവുകളാണ് ബന്ധുക്കളുടെ സംശയത്തിന്‍റെ അടിസ്ഥാനം.

വീട്ടിൽ ബോധം കെട്ടു കിടന്ന അരവിന്ദനെ ആശുപത്രിയിലാക്കാന്‍ ഏറ്റുമാനൂരില്‍ നിന്നൊരു വാഹനം വിളിക്കാന്‍ വീട്ടമ്മ തയാറായില്ല. പകരം പത്തു കിലോ മീറ്റര്‍ അകലെയുളള വയലായില്‍ നിന്ന് അരവിന്ദന്‍റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയ ശേഷം മണിക്കൂറുകള്‍ വൈകി ആശുപത്രിയിലെത്തിച്ചതാണ് മരണത്തില്‍ സംശയം തോന്നാനുള്ള പ്രധാന കാരണം. അരവിന്ദന്‍റെ തലയുടെ പിന്നിലെ മുറിവും ശരീരമാസകലം കണ്ട മറ്റ് പരുക്കുകളുമാണ് മരണത്തില്‍ ദുരൂഹത വർധിപ്പിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.

ആരോപണവിധേയയായ വീട്ടമ്മയുടെ സഹോദരനൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയ ശേഷം വീട്ടമ്മയുടെ സഹോദരന്‍ മുങ്ങിയതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. കൂടെ ആരും ഇല്ലാതിരുന്നതിനാല്‍ തന്നെ അരവിന്ദന്‍റെ ചികില്‍സ മണിക്കൂറുകള്‍ വൈകിയാണ് തുടങ്ങിയത്.

തലയ്ക്കു പിന്നിലെ മുറിവാണ് മരണകാരണമായതെന്ന വിവരമാണ് ഡോക്ടര്‍മാരില്‍ നിന്ന് ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുള്ളത്. തലയ്ക്ക് അടിയേറ്റാണ് യുവാവ് മരിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എന്നാല്‍ തന്‍റെ വീട്ടില്‍ വച്ച് അപസ്മാരമുണ്ടായി തലയിടിച്ചു വീണാണ് അരവിന്ദന് പരുക്കേറ്റതെന്നും ആരോപണ വിധേയയായ വീട്ടമ്മ പ്രതികരിച്ചു. പല കാര്യങ്ങളിലും ദുരൂഹതയുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും പറയാനാകില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂര്‍ പൊലീസിന്‍റെ വിശദീകരണം.

 

Back to top button
error: